മറ്റു ക്ലബുകളിൽ നിന്നും ഓഫറുകളുണ്ടായിട്ടും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിന്റെ കാരണം വെളിപ്പെടുത്തി ലയണൽ മെസി

Rennes v Paris Saint Germain - Ligue 1 Uber Eats
Rennes v Paris Saint Germain - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

സമ്മർ ജാലകത്തെ ഇളക്കിമറിച്ച ട്രാൻസ്ഫറുകളിൽ ഒന്നായിരുന്നു ലയണൽ മെസി ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. കാറ്റലൻ ക്ലബിൽ തന്നെ കരിയർ അവസാനിപ്പിക്കും എന്നു പ്രതീക്ഷിച്ചിരുന്ന താരത്തിന് പുതിയ കരാർ നൽകാൻ സാമ്പത്തിക പ്രതിസന്ധി മൂലം അവർക്ക് കഴിയാതിരുന്ന സമയത്ത് കൃത്യമായ ഇടപെടൽ നടത്തിയ പിഎസ്‌ജി മെസിയെ സ്വന്തം തട്ടകത്തിൽ എത്തിക്കുകയായിരുന്നു.

ബാഴ്‌സലോണയിൽ തുടരാൻ കഴിയില്ലെന്നു വ്യക്തമായ സമയത്ത് പിഎസ്‌ജിക്കു പുറമെ മറ്റു ചില ക്ലബുകളിൽ നിന്നും തനിക്ക് ഓഫർ ഉണ്ടായിരുന്നുവെന്നാണ് മെസി പറയുന്നത്. എന്നാൽ ക്ലബ് തനിക്കു മുന്നിൽ വെച്ച പ്രൊജക്റ്റും അടുത്ത സുഹൃത്തുക്കളായ നെയ്‌മർ, ഏഞ്ചൽ ഡി മരിയ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമാണ് ഫ്രാൻസിലേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മെസി വ്യക്തമാക്കി.

"പിഎസ്‌ജി അവർക്കൊപ്പം ചേരാൻ എനിക്ക് ഓഫർ നൽകി, മറ്റ് ഓഫറുകളും എനിക്ക് ലഭിച്ചിരുന്നു. എന്നാൽ പിഎസ്‌ജിയുമായി വളരെ പെട്ടന്നു തന്നെ ഒരു എഗ്രിമെന്റ് ഉണ്ടായിയെന്നത് ഞാൻ അംഗീകരിക്കുന്നു. എല്ലാം വളരെ പെട്ടന്നു നടന്നത്, കൃത്യമായി പറഞ്ഞാൽ ഒരു രാത്രി കൊണ്ട്, വളരെയധികം ബുദ്ധിമുട്ടും സൃഷ്‌ടിച്ചു," ഫ്രാൻസ് ഫുടബോളിനു നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.

"അവരുടെ പ്രൊജക്റ്റും ക്ലബിന്റെ ആഗ്രഹങ്ങളും, അവർക്ക് സ്വന്തമായുള്ള താരങ്ങളും ഗ്രൂപ്പുമാണ് എന്നെ ആകർഷിച്ചത്. അതെല്ലാം എഗ്രിമെന്റിലെത്താൻ എന്നെ എളുപ്പത്തിൽ സഹായിച്ചു. ക്ലബിൽ തന്നെ സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു, കാരണ പുതിയൊരു രാജ്യത്തേക്കാണ് പോകുന്നതെന്നും എല്ലാം ആദ്യം മുതൽ തുടങ്ങണമെന്നും എനിക്കറിയാമായിരുന്നു."

"ഡ്രസിങ് റൂമിൽ എനിക്ക് അടുത്ത സുഹൃത്തുക്കളുണ്ടാകുമെന്നും അറിയാമായിരുന്നു, അത് ഇണങ്ങിച്ചേരൽ എളുപ്പമാക്കി. കോപ്പ അമേരിക്ക ടൂർണ്ണമെന്റിനിടെ അവരെന്നോട് പിഎസ്‌ജിയിൽ ചേരുന്നുണ്ടോയെന്ന് ചോദിച്ചു കൊണ്ടേയിരുന്നു, എന്നാൽ എനിക്ക് ബാഴ്‌സലോണയിൽ തുടരാനാണ് താൽപര്യമെന്നും അവർക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ പിഎസ്‌ജിയിലേക്ക് വരുന്നുവെന്നത് അവർക്കൊരു സർപ്രൈസ് ആയിരുന്നു," മെസി പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് വിജയിക്കുകയെന്ന തന്റെ സ്വപ്‌നവും മെസി വെളിപ്പെടുത്തി. പിഎസ്‌ജി അതിനായി വളരെയധികം ശ്രമം നടത്തി അരികിലെത്തി പരാജയപ്പെട്ടുവെന്നും തന്റെ ലക്ഷ്യവും കിരീടം ഉയർത്തുകയെന്നതു തന്നെയാണെന്നും മെസി അറിയിച്ചു. എന്നാൽ മാഞ്ചസ്റ്റർ ടീമുകൾ, റയൽ മാഡ്രിഡ്, ഇന്റർ, ബയേൺ എന്നീ ടീമുകൾ അതിനായി വെല്ലുവിളി ഉയർത്താൻ കഴിവുള്ളവർ ആണെന്നും മെസി അഭിപ്രായപ്പെട്ടു.