Football in Malayalam

ബാഴ്‌സ വിടേണ്ടി വരുമെന്നറിഞ്ഞപ്പോൾ താനും കുടുംബവും പൊട്ടിക്കരഞ്ഞു, വെളിപ്പെടുത്തലുമായി ലയണൽ മെസി

Sreejith N
(Photo by Eric Alonso/Getty Images)
facebooktwitterreddit

ബാഴ്‌സലോണ വിടേണ്ടി വരുമെന്നറിഞ്ഞത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു എന്നും, താനും കുടുംബവും അതറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും വെളിപ്പെടുത്തി ലയണൽ മെസി. ഇരുപത്തിയൊന്നു വർഷങ്ങൾക്ക് ശേഷം ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസി, ബിബിസി മാധ്യമപ്രവർത്തകനായ ഗ്വില്ലം ബലാഗുവുമായി നടത്തിയ അഭിമുഖത്തിലാണ് അന്നത്തെ തന്റെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്.

"വീട്ടിൽ വെച്ച് എന്റെ അച്ഛനാണ് എന്നോടത് പറഞ്ഞത്. അദ്ദേഹം ലപോർട്ടയെ കാണാൻ പോയിരിക്കുകയായിരുന്നു. തിരിച്ചു വന്നതിനു ശേഷം അന്റോനെല്ലയോടും മക്കളോടും ഇക്കാര്യം പറയുന്നതിനു മുൻപ് എന്നെ തയ്യാറാക്കുന്നതിനു വേണ്ടി അതറിയിക്കുകയായിരുന്നു," മെസി പറഞ്ഞു.

"അവളോടതു ഞാൻ പറയുകയും, ഞങ്ങൾ കരയുകയും ചെയ്തു. ഞങ്ങൾ വളരെയധികം അസ്വസ്ഥരായിരുന്നു. പിന്നീട്, കുട്ടികളോട് ഇക്കാര്യം പറയാവുന്ന ഏറ്റവും മികച്ച രീതിയെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഡിസംബറിൽ ഞങ്ങൾ ക്ലബിനൊപ്പം തുടരുമെന്ന് പറഞ്ഞതു കൊണ്ടു തന്നെ ഇതൊരു വലിയ ഷോക്ക് ആകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പ്രത്യേകിച്ചും തിയാഗോക്ക്.

"പലപ്പോഴും ഞങ്ങൾ വളരെയധികം ചിന്തിക്കും, എന്നാൽ ആൺകുട്ടികൾ ഞങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ കാര്യങ്ങൾ അംഗീകരിച്ചു. തിയാഗോക്ക് അറിയാം അവൻ എന്നെപ്പോലെയാണ്, ഒന്നും പറയാതെ വേദന ഉള്ളിൽ കൊണ്ടു നടക്കും. എന്നാൽ അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല, എല്ലാവരെയും പോലെ അവനും പൊരുത്തപ്പെടും."

"ബാഴ്‌സലോണ ഈ വാർത്ത അറിയിച്ചപ്പോൾ എന്താണ് ഇനി ചെയ്യേണ്ടതെന്ന് എനിക്കറിയുമായിരുന്നില്ല. ഞങ്ങൾക്ക് പോകാൻ ഒരു സ്ഥലവുമുണ്ടായിരുന്നില്ല. അത് ഞങ്ങൾക്ക് വളരെയധികം അനിശ്ചിതത്വവും പരിഭ്രമവും ഉണ്ടാക്കുകയും ചെയ്‌തു. ഞങ്ങൾ എവിടെയാണ് വീണ്ടും ജീവിതം തുടങ്ങാൻ പോകുന്നത്, എവിടേക്കാണ് പോകുന്നത്, കുടുംബത്തിലുണ്ടാകുന്ന സങ്കീർണതകൾ എന്നിവയാണ് ചിന്തിച്ചത്.

"അതുവരേക്കും ആളുകളോട് വിടപറയുന്നതും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ പിഎസ്‌ജിയുമായുള്ള കരാർ ധാരണയിൽ എത്തിയതോടെ ഞാൻ മുന്നിലേക്ക് മാത്രമാണ് നോക്കുന്നത്. വ്യക്തിപരമായും കുടുംബപരമായും പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഞങ്ങൾ തയ്യാറെടുത്തു കൊണ്ടിരുന്നു."

പിഎസ്‌ജിയുമായി തന്റെ അച്ഛൻ ട്രാൻസ്‌ഫർ ചർച്ചകൾ നടത്തുന്നതിന്റെ തുടക്കം മുതൽ തന്നെ നെയ്‌മർക്ക് കാര്യങ്ങൾ അറിയാമായിരുന്നു എന്നും തന്റെ അർജന്റീന സഹതാരങ്ങളായ ഡി മരിയ, പരഡെസ് എന്നിവരോട് താരം ഇതു പറഞ്ഞിരുന്നു എന്നും മെസി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit