Football in Malayalam

പിഎസ്‌ജി ആരാധകർക്കു നന്ദി പറഞ്ഞ് മെസി, ചാമ്പ്യൻസ് ലീഗ് വിജയിക്കുക ലക്ഷ്യമെന്നും താരം

Sreejith N
TOPSHOT-FBL-FRA-LIGUE1-PSG-MESSI-PRESSER
TOPSHOT-FBL-FRA-LIGUE1-PSG-MESSI-PRESSER / STEPHANE DE SAKUTIN/Getty Images
facebooktwitterreddit

ബാഴ്‌സലോണ വിടുകയെന്നത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമായിരുന്നെങ്കിലും പാരീസിലെത്തിയതു മുതൽ താൻ സന്തോഷവാനാണെന്ന് ലയണൽ മെസി. ഇന്നലെ പിഎസ്‌ജി താരമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മെസി ഇന്നു നടത്തിയ പ്രസ് മീറ്റിൽ പാരീസിൽ തന്നെ സ്വീകരിക്കാൻ വേണ്ടിയെത്തിയ ആരാധകർക്ക് നന്ദി പറയുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കുക തന്റെ ലക്ഷ്യമാണെന്നും വെളിപ്പെടുത്തി.

"ഞാൻ വളരെ സന്തോഷവാനാണ്. ഒരുപാട് കാലം കളിച്ച ബാഴ്‌സയിൽ നിന്നുള്ള വിടവാങ്ങൽ വളരെ പ്രയാസകരമായിരുന്നു. അത്രയും കാലത്തിനു ശേഷമുള്ള ഇതുപോലെയൊരു മാറ്റവും വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ട്രൈനിങ്ങിൽ പങ്കെടുക്കാനും സഹതാരങ്ങളെ കണ്ട് പുതിയൊരു കാലഘട്ടം ആരംഭിക്കാനും ഞാൻ ആവേശത്തോടെ കാത്തിരിക്കയാണ്," മെസി പറഞ്ഞു.

"ബാഴ്‌സലോണ പ്രഖ്യാപനം നടത്തിയതു മുതൽ ഇതുവരെയുള്ള കാര്യങ്ങൾ വളരെ അനായാസവും വേഗത്തിലുമാണ് നടന്നത്. ക്ലബിനും എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. വിജയങ്ങൾ നേടാനാണ് എന്റെ ആഗ്രഹം, ഈ ക്ലബിന്റെ ലക്ഷ്യവും അതു തന്നെയാണ്. കോച്ചിങ് സ്റ്റാഫും കളിക്കാരുമെല്ലാം വിജയങ്ങൾക്കു വേണ്ടി പൊരുതാൻ തയ്യാറാണ്. ഞാനും അതിനു വേണ്ടിയാണ് ഇവിടെക്ക് എത്തിയിരിക്കുന്നത്. ഇവിടെയെത്തിയതു മുതൽ എന്നെ ആവേശത്തോടെ വരവേറ്റ ആരാധകർക്കും നന്ദി."

ചാമ്പ്യൻസ് ലീഗ് വിജയമാണ് തന്റെ ലക്ഷ്യമെന്നു പറഞ്ഞ മെസി പിഎസ്‌ജി ജേഴ്‌സിയിലെ അരങ്ങേറ്റത്തെക്കുറിച്ചും സംസാരിച്ചു. "എന്റെ ലക്ഷ്യവും സ്വപ്‌നവും വീണ്ടും ചാമ്പ്യൻസ് ലീഗ് നേടുകയെന്നതാണ്. അതിനു കഴിയുന്ന ഒരു ടീമും കളിക്കാരും ഇവിടെയുണ്ടെന്നാണ് ഞാൻ കരുതുന്നത്."

"ഞാൻ ഒരു മാസത്തോളമായി കളിക്കളത്തിനു പുറത്തായിരുന്നു. ഞാൻ എന്റെ കോച്ചിങ് സ്റ്റാഫിനോട് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. സ്വയം ഒരു പ്രീ സീസൺ നടത്തേണ്ടി വരുമെന്നാണ് എനിക്കു തോന്നുന്നത്, അതുടനെ നടക്കുമെന്നും എനിക്കു തോന്നുന്നു. എത്രയും വേഗം കളിക്കളത്തിൽ ഇറങ്ങാനാണ് ഞാൻ തയ്യാറെടുക്കുന്നത് എങ്കിലും എന്നാണ് അത് സംഭവിക്കയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല." മെസി വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit