Football in Malayalam

ലീപ്‌സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് മൈതാനത്തു കണ്ടുമുട്ടി മെസിയും റൊണാൾഡീന്യോയും

Sreejith N
Lionel Messi
Lionel Messi / Matthias Hangst/GettyImages
facebooktwitterreddit

പിഎസ്‌ജിയും ആർബി ലീപ്‌സിഗും തമ്മിലുള്ള മത്സരത്തിനിടെ മൈതാനത്തു വെച്ച് മെസിയും റൊണാൾഡിന്യോയും തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഫുട്ബോൾ ആരാധകർക്കതൊരു വൈകാരിക നിമിഷമായി മാറി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു പിഎസ്‌ജി വിജയം നേടിയ മത്സരത്തിനു വേണ്ടി മെസി മൈതാനത്തു വാം അപ്പ് ചെയ്യുമ്പോഴാണ് റൊണാൾഡിന്യോ അർജന്റൈൻ താരത്തിന്റെ അരികിലെത്തിയത്.

തന്റെ ആദ്യത്തെ ബാഴ്‌സലോണ ഗോളിന് അസിസ്റ്റ് നൽകുകയും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന ഉയരത്തിലെത്താൻ നിർണായക സംഭാവന ചെയ്യുകയും ചെയ്‌ത റൊണാൾഡീന്യോയെ സൈഡ്‌ലൈനിലരികിൽ കണ്ടപ്പോൾ തന്നെ ഓടിയെത്തിയ മെസി ഒരു ആലിംഗനം കൊണ്ടാണ് തന്റെ സ്നേഹമറിയിച്ചത്. അതിനു ശേഷം ഇരുവരും സൗഹൃദം പുതുക്കി ഏതാനും വാക്കുകൾ കൈമാറുകയും ചെയ്‌തു.

മത്സരം കാണാനെത്തിയ റൊണാൾഡീന്യോയെ മെസി ഒട്ടും നിരാശപ്പെടുത്തിയില്ല. ജർമൻ ക്ലബിനെതിരെ 2-1നു പിന്നിലായിപ്പോയ പിഎസ്‌ജിയെ വിജയത്തിലെത്തിച്ച രണ്ടു ഗോളുകളും മെസിയാണ് നേടിയത്. പിഎസ്‌ജിക്കു വേണ്ടി ആദ്യമായി ഇരട്ടഗോളുകൾ നേടുന്ന താരത്തിന് ഹാട്രിക്ക് നേടാൻ അവസരം ഉണ്ടായിരുന്നെങ്കിലും പെനാൽറ്റി എംബാപ്പെക്ക് നൽകുകയായിരുന്നു.

ബാഴ്‌സലോണയിൽ മെസിയുടെ മാർഗദർശികളിൽ ഒരാളായിരുന്ന റൊണാൾഡീന്യോ 2008ൽ പെപ് ഗ്വാർഡിയോള പരിശീലകനായി വന്നപ്പോഴാണ് ടീം വിടുന്നത്. മെസിയുടെ നിലവിലെ ക്ലബായ പിഎസ്‌ജിക്കു വേണ്ടിയും ഏതാനും സീസണുകൾ ബ്രസീലിയൻ താരം കളിച്ചിട്ടുണ്ട്. പിഎസ്‌ജിയുടെ വിശിഷ്ഠാതിഥിയായാണ് റൊണാൾഡീന്യോ പാർക് ഡി പ്രിൻസസിലെത്തിയത്.


facebooktwitterreddit