Football in Malayalam

മെസി ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തി, പിഎസ്‌ജി അരങ്ങേറ്റം അടുത്തയാഴ്ചയെന്നു സൂചനകൾ

Sreejith N
TOPSHOT-FBL-FRA-LIGUE1-PSG-MESSI
TOPSHOT-FBL-FRA-LIGUE1-PSG-MESSI / SAMEER AL-DOUMY/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസം പൂർത്തിയായ ബ്രെസ്റ്റിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനുള്ള പിഎസ്‌ജി ടീമിൽ ഇടം പിടിക്കാതിരുന്ന ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തി. ബാഴ്‌സലോണയിലെ കാസ്റ്റിൽഡിഫെൽസിലുള്ള തന്റെ വീട്ടിൽ വീക്കെൻഡ് ചെലവഴിക്കാനാണ് താരം തന്റെ കുടുംബത്തിനും വളരെയടുത്ത സുഹൃത്തുക്കൾക്കുമൊപ്പം തിരിച്ചെത്തിയത്.

ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി അതിനു ശേഷം ആദ്യമായാണ് സ്പെയിനിലേക്ക് തിരിച്ചെത്തുന്നത്. ഇതുവരെയും താരം ഫ്രഞ്ച് ക്ലബിനൊപ്പം അരങ്ങേറ്റം കുറിക്കുന്നത് എന്നാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അടുത്തയാഴ്‌ച റെയിംസിനെതിരെ നടക്കുന്ന ലീഗ് മത്സരത്തിലായിരിക്കും അരങ്ങേറ്റമെന്നാണ് നിലവിലെ സൂചനകൾ.

കോപ്പ അമേരിക്ക ടൂർണമെന്റ് കഴിഞ്ഞതിനു ശേഷം പരിശീലനം നടത്തിയിട്ടില്ലെന്നതു കൊണ്ടാണ് ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം വൈകുന്നത്. ശാരീരികമായി മെച്ചപ്പെടുത്തുന്നതിനു വേണ്ടി താരം പ്രീ സീസൺ ഉൾപ്പെടെയുള്ള പരിശീലനങ്ങൾ സ്വയം നടത്തികൊണ്ടിരിക്കയാണ്. ഇതിന്റെ ഇടവേളയിലാണ് മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയത്.

പിഎസ്‌ജിയുടെ മൈതാനത്തു വെച്ചു തന്നെ മെസി അരങ്ങേറ്റം നടത്തുമെന്നാണ് ആദ്യം പുറത്തു വന്ന വാർത്തകളെങ്കിലും അതിനു ഇന്റർനാഷണൽ ബ്രേക്ക് കഴിയണമെന്നതു കൊണ്ട് അടുത്തയാഴ്‌ച തന്നെ താരം ഫ്രഞ്ച് ക്ലബിനു വേണ്ടി അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരം തയ്യാറായാൽ മത്സരത്തിന് ഇറക്കുമെന്ന് പരിശീലകൻ പോച്ചറ്റിനോയും പറഞ്ഞിരുന്നു.

അതേസമയം മെസി, നെയ്‌മർ എന്നിങ്ങനെയുള്ള താരങ്ങളുടെ അഭാവത്തിലും പിഎസ്‌ജി ഫ്രഞ്ച് ലീഗിലെ ഇന്നലത്തെ മത്സരത്തിൽ മികച്ച വിജയം നേടി. ആൻഡർ ഹെരേര, എംബാപ്പെ, ഇഡ്രിസ ഗുയെ, ഡി മരിയ എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പിഎസ്‌ജി വിജയം നേടിയത്.

facebooktwitterreddit