ലയണൽ മെസിയെ പിൻവലിക്കാനുള്ള തീരുമാനമെടുത്തത് താരം പരിക്കിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതു കൊണ്ട്


ലയണൽ മെസിയുമായി ബന്ധപ്പെട്ട് ചെറിയ വിവാദങ്ങൾക്കു തിരി കൊളുത്തിയാണ് കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരം അവസാനിച്ചത്. മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനുട്ടിൽ പിൻവലിക്കപ്പെട്ട മെസി അതിനോട് ഒട്ടും സന്തോഷത്തോടു കൂടിയല്ല പ്രതികരിച്ചത്. പോച്ചട്ടിനോക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച താരം അതിനു ശേഷം ബെഞ്ചിലിരിക്കുമ്പോഴും തന്റെ അസ്വസ്ഥത മുഖത്തു പ്രകടമാക്കിയിരുന്നു.
അതേസമയം സുരക്ഷയെ കൂടി പരിഗണിച്ചാണ് താരത്തെ മത്സരത്തിൽ നിന്നും പിൻവലിച്ചതെന്നാണ് മത്സരത്തിനു ശേഷം പോച്ചട്ടിനോ പറഞ്ഞിരുന്നത്. നിരവധി പ്രധാന മത്സരങ്ങൾ വരാനുണ്ട് എന്നതിനാൽ മെസിക്കു പരിക്കു പറ്റാതിരിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനെ ശരി വെക്കുന്നതാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെ പുറത്തു വിട്ട റിപ്പോർട്ട്.
ലിയോണിനെതിരായ മത്സരത്തിൽ മെസിയെ പിൻവലിച്ചത് കളിക്കിടയിലെ തന്ത്രപരമായ തീരുമാനം എന്നതിലുപരി ഫിറ്റ്നസ് പ്രശ്നങ്ങൾ കൊണ്ടാണെന്നാണ് എൽ എക്വിപ്പെ പറയുന്നത്. മത്സരത്തിനിടയിൽ തന്നെ താരം അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പോച്ചട്ടിനോ ചോദിച്ചപ്പോൾ തുടർന്നു കളിക്കാൻ കഴിയുമെന്നാണ് മെസി അറിയിച്ചത്. എന്നാൽ പിഎസ്ജി പരിശീലകൻ മെസിയെ പിൻവലിക്കാൻ തന്നെ തീരുമാനം എടുക്കുകയായിരുന്നു.
കളിക്കളത്തിൽ തന്നെ തുടരാനായിരുന്നു മെസിക്ക് താൽപര്യം ഉണ്ടായിരുന്നതെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കരിയറിൽ വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ മെസി പിൻവലിക്കപ്പെട്ടിട്ടുള്ളൂ എന്നും അതുകൊണ്ടു തന്നെ പോച്ചട്ടിനോയുടെ തീരുമാനത്തിൽ താരം സന്തുഷ്ടനായിരുന്നില്ല എന്നും അവർ വെളിപ്പെടുത്തി.
പ്രൊഫെഷണൽ കരിയറിൽ ബാഴ്സലോണയില്ലാതെ മറ്റൊരു ക്ലബിനു വേണ്ടി ആദ്യമായി കളിക്കുന്ന മെസിക്ക് മൂന്നു മത്സരങ്ങൾ കളിച്ചിട്ടും ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ലീഗിൽ മെറ്റ്സിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ താരം വല കുലുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.