Football in Malayalam

പിഎസ്‌ജിയിൽ സംതൃപ്‌തനല്ലാതെ മെസി, ക്ലബ് വിടുന്നതിനെക്കുറിച്ച് താരം ആലോചിക്കുന്നു

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ഈ സീസണു ശേഷം പിഎസ്‌ജി വിടുന്നതിനെക്കുറിച്ച് സൂപ്പർതാരം ലയണൽ മെസി ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ബാഴ്‌സലോണക്കു വേണ്ടി നിരവധി വർഷങ്ങൾ കളിച്ചതിനു ശേഷം ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസി ഫ്രഞ്ച് ക്ലബിൽ ഒട്ടും തൃപ്‌തനല്ലെന്നാണ് എൽ ചിരിങ്കുയിറ്റോയുടെ മാധ്യമപ്രവർത്തകനായ ലോബോ കറാസ്കോ പറയുന്നത്. തന്റെ കുടുംബം പാരീസിലെ ജീവിതത്തിൽ സന്തുഷ്ടരല്ലെന്നതും മെസിയെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നു.

പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം ഇതുവരെയും പുറത്തെടുക്കാൻ മെസിക്കു കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഫ്രഞ്ച് ലീഗിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാൻ കഴിയാത്തതു കൊണ്ടും ടീമിന്റെ ശൈലിയുമായും മറ്റു താരങ്ങളുമായും പൂർണമായും ഇണങ്ങിച്ചേരാൻ കഴിയാത്തതിനാലും മോശം പ്രകടനം തുടരുന്ന മെസി ഇതുവരെ ഒരു ഗോൾ മാത്രമാണ് ലീഗ് വണിൽ നേടിയിരിക്കുന്നത്.

"ലിയോ ക്ലബിനൊപ്പം പൂർണമായും തൃപ്‌തനല്ല. ചാമ്പ്യൻസ് ലീഗ് വിജയിക്കുകയാണെങ്കിൽ താരം ക്ലബിനൊപ്പം തുടരും. എന്നാൽ പിഎസ്‌ജി വിജയിച്ചില്ലെങ്കിൽ താരം മറിച്ചു ചിന്തിക്കും. വളരെ നിർണായകമായ അഞ്ചു മാസങ്ങളാണിത്. ക്ലബ് വിടുന്നതിനു വേണ്ടി സമ്മർദ്ദം ചെലുത്താൻ താരത്തിന് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. രണ്ടു വർഷങ്ങൾ അവിടെ തുടരുകയെന്നത് താരത്തെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമായിരിക്കും." ലോബോ കരാസ്‌കോ പറഞ്ഞു.

പിഎസ്‌ജിയുമായി രണ്ടു വർഷത്തെ കരാറാണ് ലയണൽ മെസി ഒപ്പിട്ടിരിക്കുന്നത്. രണ്ടു വർഷത്തെ കരാർ കഴിഞ്ഞതിനു ശേഷം മെസിക്കു കൂടി താൽപര്യമുണ്ടെങ്കിൽ അത് വീണ്ടും ഒരു വർഷത്തേക്ക് നീട്ടാം എന്നതും കരാറിലുണ്ട്. എന്നാൽ പിഎസ്‌ജി വിടാനാണ് മെസിക്ക് താൽപര്യമെങ്കിൽ അടുത്തത് തന്റെ കരാറിലെ അവസാന സീസൺ ആണെന്ന കാര്യം മുൻനിർത്തി ക്ലബ് വിടുന്നതിനു താരം സമ്മർദ്ദം ചെലുത്താനുള്ള സാധ്യതയാണ് കൂടുതൽ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit