Football in Malayalam

ലയണൽ മെസിയുടെ പിഎസ്‌ജി കരാറിൽ അർജന്റീനക്ക് പരിഗണന നൽകുന്ന പ്രത്യേക ഉടമ്പടി

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Gustavo Pagano/Getty Images
facebooktwitterreddit

ഇരുപത്തിയൊന്നു വർഷത്തെ ബാഴ്‌സ കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ലയണൽ മെസി ഫ്രാൻസിലെ വമ്പൻ ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. വേതനവുമായി ബന്ധപ്പെട്ടുള്ള ലാലിഗയുടെ നിയന്ത്രണങ്ങൾ മൂലം മെസിക്ക് പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സലോണ നേതൃത്വം അറിയിച്ചതിനു പിന്നാലെയാണ് ക്ലബ് വിടാൻ അർജന്റീന താരം തീരുമാനിച്ചത്.

നിലവിലെ സാഹചര്യത്തിൽ മെസിയെ സ്വന്തമാക്കാൻ കഴിയുന്ന തരത്തിൽ സാമ്പത്തിക സ്ഥിതിയുള്ള ചുരുക്കം ചില യൂറോപ്യൻ ക്ലബുകളിൽ ഒന്നായ പിഎസ്‌ജിയുമായി രണ്ടു വർഷത്തെ കരാറൊപ്പിട്ട താരത്തിന് അത് വീണ്ടും ഒരു വർഷത്തേക്കു കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടിയുണ്ട്. ഇതിനു പുറമെ അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയും മെസിയുടെ കരാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഒഫിഷ്യൽ മത്സരങ്ങളായാലും സൗഹൃദ മത്സരങ്ങൾ ആയാലും തന്റെ പ്രധാന പരിഗണന അർജന്റീന ദേശീയ ടീമിനാകുമെന്ന ഉടമ്പടിയാണ് മെസി പിഎസ്‌ജി കരാറിൽ വെച്ചിരിക്കുന്നതെന്ന് ടൈക് സ്പോർട്സ് ആണു റിപ്പോർട്ടു ചെയ്‌തത്‌. രാജ്യത്തിനു വേണ്ടിയുള്ള മത്സരങ്ങൾ, അതു സൗഹൃദ മത്സരങ്ങൾ ആയാൽ പോലും അതിൽ നിന്നും മെസിയെ എന്തെങ്കിലും കാരണത്തിന്റെ പേരിൽ വിലക്കാനുള്ള അവകാശം ഇതോടെ പിഎസ്‌ജിക്ക് ഉണ്ടാകില്ല.

ഇതിനു പുറമെ അർജന്റീന ദേശീയ ടീം സ്റ്റാഫുകൾക്ക് പിഎസ്‌ജിയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയണമെന്നും മെസിയുടെ കരാറിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അർജന്റീനക്കൊപ്പം ഉയർത്തിയ ലയണൽ മെസി അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് ദേശീയ ടീമിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

അതേ സമയം, പിഎസ്‌ജിയിൽ മെസി ധരിക്കുക മുപ്പതാം നമ്പർ ജേഴ്‌സിയാകും. ബാഴ്‌സലോണ ജേഴ്‌സിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ താരം അണിഞ്ഞിരുന്നത് മുപ്പതാം നമ്പർ ജേഴ്‌സി ആയിരുന്നു, അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് കരുതുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit