Football in Malayalam

"എനിക്കെന്റെ സന്തോഷം മറച്ചുവെക്കാനാവില്ല"- ഏഴാം ബാലൺ ഡി ഓർ നേട്ടത്തിൽ പ്രതികരിച്ച് ലയണൽ മെസി

Sreejith N
FBL-AWARD-BALLON D'OR-2021
FBL-AWARD-BALLON D'OR-2021 / FRANCK FIFE/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ ഏഴാം ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതിൽ തന്റെ പ്രതികരണം അറിയിച്ച് ഇതിഹാസതാരം ലയണൽ മെസി. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് തകർത്ത ലയണൽ മെസി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുരസ്‌കാരനേട്ടത്തിലുള്ള തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി വാശിയേറിയ പോരാട്ടം ബാലൺ ഡി ഓറിൽ നടന്ന ഈ വർഷം റോബർട്ട് ലെവൻഡോസ്‌കി, ജോർജിന്യോ എന്നിവരാണ് മെസിക്കു പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്. കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ടീമിനെ മുന്നിൽ നിന്നു നയിച്ച് ഇരുപത്തിയെട്ടു വർഷത്തിനു ശേഷം അവർക്കൊരു പ്രധാന കിരീടം സ്വന്തമാക്കി നൽകിയതാണ് മെസിയെ പ്രധാനമായും പുരസ്‌കാരത്തിന് അർഹനാക്കിയത്.

"സംഘടിതമായ പ്രയത്നത്തെ ഞാൻ എല്ലായിപ്പോഴും മുന്നോട്ടു വെക്കുമെങ്കിലും മറ്റൊരു ബാലൺ ഡി ഓർ കൂടി നേടാനായതിൽ എനിക്കുള്ള സന്തോഷം മറച്ചുവെക്കാനാവില്ല. ഞങ്ങൾ ജീവിച്ച മനോഹരമായ വർഷത്തിന് എന്റെ സഹപ്രവർത്തകർക്കും അർജന്റീന ടീമിലെ സ്റ്റാഫിനും ബാഴ്‌സയിലും പിഎസ്‌ജിയിലും ഉള്ളവർക്കും നന്ദി അറിയിക്കാനും ഇതവർക്ക് സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു."

"അതിനൊപ്പം എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും, എന്നെ പിന്തുണക്കുന്ന എല്ലാവർക്കും എനിക്കൊപ്പമുള്ളവർക്കും, എന്നെ പരിപാലിച്ച് എല്ലാ ദിവസവും മികച്ച പ്രകടനം നടത്താൻ സാഹായിക്കുന്നവർക്കും നന്ദി പറയുന്നു. അവരൊന്നും ഇല്ലെങ്കിൽ ഇതൊരിക്കലും സാധ്യമാകുമായിരുന്നില്ല. ചടങ്ങിനും നൽകിയ അവാർഡിനും ഫ്രാൻസ് ഫുട്ബോളിനും നന്ദി, ആലിംഗനങ്ങൾ!" മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പുരസ്‌കാരനേട്ടത്തോടെ അഞ്ചു ബാലൺ ഡി ഓർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും പിന്നിലാക്കാൻ മെസിക്കു കഴിഞ്ഞു. ഏഴു ബാലൺ ഡി ഓറെന്ന മെസിയുടെ നേട്ടം ചരിത്രത്തിൽ മറ്റൊരു താരത്തിനും ആവർത്തിക്കാൻ സാധിക്കാത്ത ഒന്നാണെന്നതിൽ യാതൊരു സംശയവുമില്ല.

facebooktwitterreddit