ഏറ്റവും ധനികരായ കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്, മെസ്സി എട്ടാം സ്ഥാനത്ത്

Paris Saint-Germain v AS Monaco - Ligue 1
Paris Saint-Germain v AS Monaco - Ligue 1 / John Berry/GettyImages
facebooktwitterreddit

ലോകത്തെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ 2022ലെ പട്ടിക പുറത്ത് വിട്ട് അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ഫോബ്‌സ്. ബാസ്‌കറ്റ്‌ബോള്‍ ഇതിഹാം മൈക്കല്‍ ജോര്‍ദാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഗോള്‍ഫ് സൂപ്പര്‍ താരം ടൈഗര്‍വുഡ്, പി.എസ്.ജി താരം ലയണല്‍ മെസ്സി എന്നിവരെ പിന്നിലാക്കിയാണ് മൈക്കല്‍ ജോര്‍ദാന്‍ സമ്പന്നരായ അത്‌ലറ്റുകളുടെ പട്ടികിയല്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന ജോര്‍ദാന്‍ 2003ല്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ച താരമാണ്. എങ്കിലും ഇപ്പോഴും താരം തന്നെയാണ് സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. 58 കാരനായ ജോര്‍ദാനുമായി നൈക്കി, കൊക്കക്കോള, മക്‌ഡൊണാള്‍ഡ്, ഗറ്റോറേസ്, ഷവര്‍ലെ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം കരാറിലെത്തിയിട്ടിട്ടുണ്ട്.
ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം മുന്‍ ചിക്കാഗോ ബുള്‍സ് താരത്തിന് നിലവില്‍ 2.2 ബില്യന്‍ ഡോളറിന്റെ മൂല്യമുണ്ട്. ഇത് അദ്ദേഹത്തെ ലോകത്തെ ഏറ്റവും ധനികനായ അത്‌ലീറ്റാക്കി മാറ്റുന്നു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് ഒരു വിഭാഗം ആരാധകർ വിശേഷിപ്പിക്കുന്നു മെസ്സി, 600 മില്യന്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഏഴ് തവണ ബാലന്‍ ഡി ഓര്‍ ജേതാവായ 34കാരനായ മെസ്സി പട്ടികയിലെ ആദ്യ പത്തില്‍ ഇടംനേടിയ ഏക ഫുട്‌ബോള്‍ താരം കൂടിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 500 മില്യന്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ 12ാം സ്ഥാനത്താണുള്ളത്. മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരമായ ഡേവിഡ് ബെക്കാം 450 മില്യന്‍ ഡോളറിന്റെ ആസ്തിയുമായി 14ാം സ്ഥാനത്തും നില്‍ക്കുന്നു.

ആദ്യ പത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ഇവരാണ്.

1. മൈക്കല്‍ ജോര്‍ദാന്‍ (ബാസ്‌കറ്റ്‌ബോള്‍) 2.2 ബില്യന്‍ ഡോളര്‍

2. വിന്‍സ് മിക്ക്മാൻ (ഗുസ്തി) 1.6 ബില്യന്‍ ഡോളര്‍

3. ഇയോണ്‍ ടിരിയക് (ടെന്നീസ്, ഐസ് ഹോക്കി) 1.4 ബില്യന്‍ ഡോളര്‍

4. അന്ന കസ്പ്രസ്‌ക് (കുതിര സവാരി) 1 ബില്യന്‍ ഡോളര്‍

5. ടൈഗര്‍ വുഡ്‌സ് (ഗോള്‍ഫ്) 800 മില്യന്‍ ഡോളര്‍

6. എഡി ജോര്‍ദാന്‍ (കാര്‍ റേസര്‍) 600 മില്യന്‍ ഡോളര്‍

7. ജൂനിയര്‍ ബ്രിഡ്ജ്മാന്‍ (ബാസ്‌കറ്റ്‌ബോള്‍)600 മില്യന്‍ ഡോളര്‍

8. ലയണല്‍ മെസ്സി (ഫുട്‌ബോള്‍) 600 മില്യന്‍ ഡോളര്‍

9. മാജിക് ജോണ്‍സണ്‍ (ബാസ്‌കറ്റ്‌ബോള്‍) 600 മില്യന്‍ ഡോളര്‍

10. മൈക്കല്‍ ഷുമാക്കര്‍ (കാര്‍ റേസര്‍) 600 മില്യന്‍ ഡോളര്‍


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.