Football in Malayalam

മെസിയുടെ പിഎസ്‌ജി കരാർ മൂന്നു വർഷത്തേക്ക്, നെയ്‌മറെക്കാൾ ഉയർന്ന പ്രതിഫലം

Sreejith N
Lionel Messi
Lionel Messi / 90min
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് ലയണൽ മെസി ബാഴ്‌സലോണ വിട്ടതിലൂടെ നടന്നത്. ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ മെസിക്ക് പുതിയ കരാർ നൽകുന്നതിനു തടസമാണെന്ന് ബാഴ്‌സ വ്യക്തമാക്കിയതോടെ താരവുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളും ശക്തമായി. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അർജന്റീന നായകൻ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.

പിഎസ്‌ജിയുടെ ഉടമയായ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുടെ സഹോദരനായ ഷെയ്ഖ് മൊഹമ്മദ് ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി ഇന്നലെ ട്വിറ്ററിൽ മെസിയെ സ്വന്തമാക്കാനുള്ള ചർച്ചകൾ പൂർത്തിയായതായും പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ മുൻ ബാഴ്‌സ നായകൻറെ കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തു വിട്ടത് മെസി പിഎസ്‌ജിയിലേക്കു തന്നെയെന്ന സൂചനകൾ ശക്തമാക്കുന്നു.

മൂന്നു വർഷത്തെ കരാറാണ് മെസിക്ക് പിഎസ്‌ജി ഓഫർ ചെയ്‌തിരിക്കുന്നത്‌. അതിലെ അവസാന വർഷം ക്ലബിനൊപ്പം തുടരണോയെന്ന് മെസിക്കു തന്നെ തീരുമാനിക്കാം. ഇക്കാലയളവിൽ പ്രതിവർഷം നാൽപതു മില്യൺ യൂറോയാണ് മെസിക്ക് പ്രതിഫലമായി നൽകുക. നിലവിൽ ടീമിലെ പ്രധാന താരമായ നെയ്‌മറെക്കാൾ അഞ്ചു മില്യൺ യൂറോ അധികം പ്രതിഫലം മെസിക്ക് ലഭിക്കും.

ബാഴ്‌സലോണ കഴിഞ്ഞ സീസണുകളിൽ നല്കിയതിനേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ഇതെങ്കിലും താരത്തിന്റെ ആവശ്യങ്ങൾ ഇതിൽ ഒതുങ്ങുന്നതാണെന്ന് എൽ എക്വിപ്പെ വ്യക്തമാക്കുന്നു. ഞായറാഴ്‌ച മെസിയുടെ പ്രതിനിധികളും പിഎസ്‌ജി നേതൃത്വവും തമ്മിൽ ചർച്ചകൾ നടത്തി കരാറുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുമെന്നും ഫ്രഞ്ച് മാധ്യമം പരാമർശിച്ചു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലും അതിനു മുൻപത്തെ സീസണിൽ ഫൈനലിലും എത്തിയ പിഎസ്‌ജിക്ക് മെസിയുടെ വരവോടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. യൂറോപ്പിൽ അപ്രമാദിത്വം നേടുന്നതിനു വേണ്ടി നിരവധി സൂപ്പർതാരങ്ങളെ നേരത്തെ തന്നെ സ്വന്തമാക്കിയ പിഎസ്‌ജിക്ക് മെസിയുടെ സാന്നിധ്യം കൂടുതൽ കരുത്തു നൽകും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit