Football in Malayalam

ആരാധകർക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരില്ല, ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഈ മാസം തന്നെയുണ്ടാകും

Sreejith N
Messi has joined PSG on a two-year contract with option for another year
Messi has joined PSG on a two-year contract with option for another year / Catherine Steenkeste/Getty Images
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ താരത്തിന്റെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. നെയ്‌മർ ജൂനിയർ, കെയ്‌ലിൻ എംബാപ്പെ എന്നിങ്ങനെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം മെസി കൂടി അണിനിരക്കുന്നതിന്റെ ആവേശത്തിനൊപ്പം തന്നെ ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബിനു വേണ്ടി മെസി ആദ്യമായി കളിക്കുന്നതു കാണാനും കൂടിയാണ് ആരാധകരുടെ കാത്തിരിപ്പ്.

തിങ്കളാഴ്‌ചയോടെ പിഎസ്‌ജിക്കൊപ്പം മൂന്നാമത്തെ ട്രെയിനിങ് സെഷൻ പൂർത്തിയാക്കിയ മെസിയുടെ അരങ്ങേറ്റം വൈകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. കൂടുതൽ പരിശീലന സെഷനുകൾ ആവശ്യമായ താരം അടുത്ത മാസത്തെ ഇന്റർനാഷണൽ ബ്രേക്കിനു ശേഷമായിരിക്കും ആദ്യ മത്സരത്തിനു ഇറങ്ങുകയെന്ന വാർത്തകളാണ് സജീവമായി ഉണ്ടായിരുന്നതെങ്കിലും ഈ മാസം തന്നെ താരം പിഎസ്‌ജിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിഎസ്‌ജിയുടെ അടുത്ത ഫ്രഞ്ച് ലീഗ് മത്സരം ഈ മാസം ഇരുപത്തിയൊന്നിന് ബ്രെസ്റ്റോയിസിനെതിരെ നടക്കുമെങ്കിലും അതിൽ മെസിയുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല. അതിനു ശേഷം സ്റ്റഡെ ഡി റെയിംസിനെതിരെ ഓഗസ്റ്റ് മുപ്പതിന് നടക്കുന്ന മത്സരത്തിലായിരിക്കും മെസി ആദ്യമായി പിഎസ്‌ജിക്ക് വേണ്ടി കളത്തിലിറങ്ങുകയെന്ന് പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതാണ് സംഭവിക്കുന്നതെങ്കിൽ പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡി പ്രിൻസിസിൽ ആയിരിക്കില്ല മെസിയുടെ അരങ്ങേറ്റം.

കോപ്പ അമേരിക്ക ഫൈനലിനു ശേഷം മെസി ആദ്യമായി ട്രെയിനിങ് നടത്തുന്നത് പിഎസ്‌ജിക്കൊപ്പമാണെന്നും അതിനാൽ താരം കളത്തിലേക്ക് തിരിച്ചെത്തുന്നത് പടി പടിയായിട്ടാകുമെന്നും സ്‌ട്രോസ്‌ബർഗിനെതിരായ കഴിഞ്ഞ ലീഗ് മത്സരത്തിനു ശേഷം പോച്ചട്ടിനോ പറഞ്ഞിരുന്നു. താരം ഫിറ്റ്നസ് വീണ്ടെടുത്താൽ അരങ്ങേറ്റം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തത് മെസി ഈ മാസം തന്നെ കളത്തിലിറങ്ങാനുള്ള സാധ്യത വർധിപ്പിക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit