ഖത്തർ ലോകകപ്പിനു യോഗ്യത നേടിയതിനു പിന്നാലെ ആരാധകർക്കു സന്ദേശവുമായി ലയണൽ മെസി


ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ഖത്തർ ലോകകപ്പിന് അർജന്റീന യോഗ്യത നേടിയതിനു പിന്നാലെ ആരാധകർക്ക് സന്ദേശവുമായി ടീമിന്റെ നായകനും സൂപ്പർതാരവുമായ ലയണൽ മെസി. യോഗ്യത നേടാൻ കഴിഞ്ഞത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നു പറഞ്ഞ മെസി ഈ വർഷം ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
"ഖത്തർ ലോകകപ്പിലേക്ക് എത്തുകയെന്ന ലക്ഷ്യം നേടാൻ കഴിഞ്ഞതിന്റെ വലിയ സന്തോഷതോടെയാണ് ഞാനിപ്പോൾ പാരീസിൽ എത്തിയിരിക്കുന്നത്. അർജന്റീന ടീമിനൊപ്പം ജീവിച്ച, ഞങ്ങൾക്കു വളരെ വിശിഷ്ടമായ ഈ വർഷത്തിൽ മധുരപദാർത്ഥത്തിലുള്ള പഴം പോലെയാണ് ഈ നേട്ടം ഉണ്ടായത്. നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദി പറയുന്നു. ദൈവം തീരുമാനിക്കുകയാണെങ്കിൽ ജനുവരിയിൽ നമുക്ക് വീണ്ടും കാണാം."
"ഇപ്പോൾ ശ്രദ്ധ മാറ്റേണ്ട സമയമാണ്. കാരണം പിഎസ്ജിക്കൊപ്പം ഞങ്ങൾ കരുതിയ ലക്ഷ്യങ്ങൾക്കു വേണ്ടി പൊരുതാനുണ്ടെന്നതു കൊണ്ടു തന്നെ എന്റെ ശ്രദ്ധയും ആഗ്രഹങ്ങളും അതിലേക്ക് കേന്ദ്രീകരിച്ച് അതിനു വേണ്ടി പണിയെടുക്കണം. 2022ലേക്ക് ഒന്നര മാസം മാത്രം ശേഷിക്കെ ഈ വർഷം എനിക്ക് ഏറ്റവും മികച്ച രീതിയിലാണ് പൂർത്തിയാക്കേണ്ടത്. ഫ്രാൻസിൽ കൂടുതൽ നല്ല സമയം ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും എന്റെ ആലിംഗനം." മെസി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
അർജന്റീനക്കു ലോകകപ്പ് യോഗ്യത നേടിയതിന്റെ സന്തോഷം മെസി പിഎസ്ജിയിൽ മികച്ച പ്രകടനം നടത്തി ആഘോഷിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിട്ടു പിഎസ്ജിയിൽ എത്തിയതിനു ശേഷം ഇതുവരെയും തന്റെ പ്രതിഭ കാണിക്കാൻ കഴിയാത്ത താരം ഫോം വീണ്ടെടുക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.