ആരാധകർക്ക് ഹൃദയസ്‌പർശിയായ പുതുവർഷ സന്ദേശവുമായി ലയണൽ മെസി

Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ലയണൽ മെസിയെ സംബന്ധിച്ച് സമ്മിശ്രമായ അനുഭവങ്ങൾ നൽകിയ ഒരു വർഷമായിരുന്നു 2021. ബാഴ്‌സലോണക്കൊപ്പം പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ലാ ലിഗ ടോപ് സ്കോററായി കോപ്പ ഡെൽ റേയും സ്വന്തമാക്കിയ താരത്തിന് കരിയറിൽ ഏറ്റവുമധികം സന്തോഷം നൽകിയ കാര്യമായിരുന്നു അതിനു ശേഷം നേടിയ കോപ്പ അമേരിക്ക കിരീടം.

എന്നാൽ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ സന്തോഷത്തിൽ ബാഴ്‌സയിലെത്തിയ മെസിക്ക് ഏറെ വേദനാജനകമായാണ് താൻ ഒരുപാട് വർഷങ്ങൾ ചിലവഴിച്ച ക്ലബിൽ നിന്നും വിടവാങ്ങേണ്ടി വന്നത്. അതിനു ശേഷം പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന് ഇതുവരെയും തന്റെ പ്രതിഭക്കനുസരിച്ചുള്ള പ്രകടനം ഫ്രാൻസിൽ പുറത്തെടുക്കാനും കഴിഞ്ഞിട്ടില്ല. എങ്കിലും ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

അതേസമയം ഈ വർഷം തനിക്കു സമ്മാനിച്ച നേട്ടങ്ങളിലെല്ലാം നന്ദിയും സന്തോഷവുമുണ്ടെന്നാണ് ലയണൽ മെസി പുതുവർഷ സന്ദേശമായി കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം തന്റെ ആരാധകർക്ക് പുതുവർഷ സന്ദേശം നൽകിയത്.

"2021ൽ ഞാൻ കടന്നു പോയ എല്ലാത്തിനും എനിക്ക് നന്ദി പറയാൻ മാത്രമേ കഴിയൂ. കോവിഡ് വൈറസ് മൂലം നിരവധി ആളുകൾക്ക് വളരെ മോശം സമയത്തിലൂടെയാണ് കടന്നു പോയത്. എന്നാൽ 2022 കൂടുതൽ ആരോഗ്യം നൽകുമെന്ന പ്രതീക്ഷയോടെ എല്ലാവർക്കും ഞാൻ പുതുവർഷം ആശംസിക്കുന്നു. ആലിംഗനങ്ങൾ" മെസി കുറിച്ചു.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തന്റെ പ്രതിഭ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും മെസി ടീമുമായി ഇണങ്ങിച്ചേർന്നു വരുന്നത് കളിക്കളത്തിൽ പ്രകടമാണ്. അതുകൊണ്ടു തന്നെ സീസണിന്റെ രണ്ടാം ഘട്ടത്തിൽ താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.