Football in Malayalam

പിഎസ്‌ജിയിൽ പത്താം നമ്പർ വേണ്ടെന്നു വെച്ചതിനെപ്പറ്റിയും ഫ്രീ കിക്ക് വോളിൽ കിടന്നതിനെക്കുറിച്ചും ലയണൽ മെസി

Sreejith N
Manchester City v Paris Saint-Germain: Group A - UEFA Champions League
Manchester City v Paris Saint-Germain: Group A - UEFA Champions League / Laurence Griffiths/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷമുണ്ടായ ചില പ്രധാന സംഭവങ്ങളെക്കുറിച്ച് പ്രതികരണവുമായി ലയണൽ മെസി. താരം പിഎസ്‌ജിയിൽ എത്തിയതിനു പിന്നാലെ നെയ്‌മർ നൽകിയ പത്താം നമ്പർ ജേഴ്‌സി വേണ്ടെന്നു വെച്ച തീരുമാനത്തെപ്പറ്റിയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഫീകിക്ക് വോളിനു കീഴിൽ കിടക്കേണ്ടി വന്നതിനെപ്പറ്റിയും മെസി ഫ്രാൻസ് ഫുട്ബോളിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

"പത്താം നമ്പർ ജേഴ്‌സി അവനു വേണ്ടിയുള്ളതാണ്. ഞാനൊരു പുതിയ ടീമിനെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നത്. അതിവിശിഷ്ടമായ ഒരു പ്രവൃത്തിയാണ് താരത്തിന്റെ ഭാഗത്തു നിന്നും അപ്പോൾ ഉണ്ടായത്. നെയ്‌മറായതു കൊണ്ടു തന്നെ ഞാനത് പ്രതീക്ഷിക്കുകയും ചെയ്‌തിരുന്നു."

"ഞങ്ങൾ ബാഴ്‌സലോണയിൽ സമയം ചിലവഴിച്ചിട്ടുണ്ട്, അടുത്ത സുഹൃത്തുക്കളുമാണ്. താരം തന്നെ പത്താം നമ്പർ ജേഴ്‌സി സ്വീകരിക്കുന്നതാണ് എന്നെ സംബന്ധിച്ച് നീതിപൂർവമായ കാര്യം. അതുകൊണ്ടു ഞാൻ എനിക്കിഷ്ടപ്പെട്ട മറ്റൊരു നമ്പർ സ്വീകരിച്ചു," മെസി പറഞ്ഞു. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രീകിക്ക് വോളിൽ കിടക്കേണ്ടി വന്നതിനെപ്പറ്റി താരത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.

"ആ സമയത്ത് ഞാനത് ചെയ്യണമായിരുന്നു, ഞങ്ങൾ വിജയിച്ചു കൊണ്ടിരിക്കയാണ്. വേറെയാരും അതു ചെയ്യാനില്ല, ഞാനുണ്ട് എന്നതിനാൽ അതു ചെയ്‌തു. അതിലൊന്നും തന്നെയില്ലെന്നതാണ് സത്യസന്ധമായ കാര്യം. വിജയങ്ങൾ ലഭിക്കുന്നതിനായി നമ്മളെല്ലാവരും സംഭാവന നൽകേണ്ടതുണ്ട്," മെസി വ്യക്തമാക്കി.

മറ്റുള്ളവർക്ക് താനൊരു മാതൃകയാണോ എന്ന കാര്യമറിയില്ലെന്നും അങ്ങിനെയാവാനും ഉപദേശങ്ങൾ നൽകാനും തനിക്ക് താൽപര്യമില്ലെന്നും മെസി പറഞ്ഞു. തന്റെ സ്വപ്‌നങ്ങൾക്കു വേണ്ടി സ്വയം പൊരുതിയതാണെന്നും ഭാഗ്യവും അതിനൊപ്പം നിന്നുവെന്നും മെസി പറയുന്നു. ദൈവമാണ് തനിക്ക് ലഭിച്ച എല്ലാം നൽകിയതെന്നും മെസി കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit