ലാ ലിഗയും ഫ്രഞ്ച് ലീഗും തമ്മിലുള്ള പ്രധാന വ്യത്യാസം വെളിപ്പെടുത്തി ലയണൽ മെസി

Sreejith N
Paris Saint Germain v Lille OSC - Ligue 1 Uber Eats
Paris Saint Germain v Lille OSC - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

സ്‌പാനിഷ്‌ ലീഗും ഫ്രഞ്ച് ലീഗും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നു വെളിപ്പെടുത്തി പിഎസ്‌ജി സൂപ്പർതാരം ലയണൽ മെസി. സ്‌പാനിഷ്‌ ലീഗിനെ അപേക്ഷിച്ച് ഫ്രഞ്ച് ലീഗ് കൂടുതൽ കായികപരമായി മുന്നിൽ നിൽക്കുന്നുണ്ടെന്നാണ് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ അർജന്റീന സൂപ്പർതാരം പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ കരാർ നൽകാൻ ബാഴ്‌സക്ക് കഴിയാതിരുന്നതിനെ തുടർന്നാണ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മെസിയെ ഫ്രീ ട്രാൻസ്‌ഫറിൽ പിഎസ്‌ജി സ്വന്തമാക്കിയത്. നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾക്കൊപ്പം മെസി കൂടി എത്തിയതോടെ പിഎസ്‌ജിയെ ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമായി ആരാധകർ കരുതുന്നുണ്ടെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടനം അവർക്ക് നടത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

ഫ്രഞ്ച് ലീഗിൽ ഇതുവരെ ആറു മത്സരങ്ങൾ കളിച്ച് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത മെസി ലീഗിൽ മൂന്നോ നാലോ മത്സരങ്ങൾ കഴിഞ്ഞ സമയത്ത് സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് രണ്ടു ലീഗുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിച്ചത്.

"അതിനൊരുപാട് സമയമെടുക്കുന്നു, പക്ഷെ ഞാൻ വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചിരുന്നത്; ലീഗിൽ മൂന്ന്, അല്ലെങ്കിൽ അതിൽ കൂടുതൽ. ഇതു കൂടുതൽ കായികപരമായ ലീഗാണ്. അവിടെ മത്സരങ്ങൾ വിഭജിക്കപ്പെടുന്നു, മുന്നിലേക്കും പിന്നിലേക്കും കൂടുതൽ കളിക്കേണ്ടി വരുന്നു. അവിടെ കരുത്തുറ്റതും വേഗതയേറിയതുമായ താരങ്ങളുണ്ട്, ശാരീരികമായ തലത്തിൽ വളരെയധികം മാറ്റങ്ങളുണ്ട്."

"സ്പെയിനിൽ എല്ലാ ടീമുകളും കൂടുതൽ നന്നായി കളിക്കാൻ ശ്രമിക്കുന്നു, അവിടെ നന്നായി പ്രെസ്സ് ചെയ്‌തില്ലെങ്കിൽ പന്തു നഷ്‌ടപ്പെട്ടു പോകും. പ്രത്യാക്രമണത്തിനു കാത്തിരിക്കുന്നതിനു പകരം ഹിറ്റ്-ഫോർ-ഹിറ്റാണിവിടെയുള്ളത്. ശാരീരികമായ തലത്തിലാണ് കൂടുതൽ വ്യത്യാസമുള്ളത്," മെസി വ്യക്തമാക്കി.

ലീഗുമായും ടീമിന്റെ ശൈലിയുമായും പൊരുത്തപ്പെട്ടു പോകാൻ പൂർണമായി കഴിഞ്ഞിട്ടില്ലാത്ത മെസി പക്ഷെ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നു ഗോളുകൾ മെസി നേടിക്കഴിഞ്ഞു.


facebooktwitterreddit