പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിച്ച് മെസി ബാഴ്സലോണയിലേക്കു തന്നെ മടങ്ങിയെത്തുമെന്ന് റിക്വൽമി


അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ലയണൽ മെസി ബാഴ്സലോണ വിട്ടു പിഎസ്ജിയിലേക്ക് ചേക്കേറിയെങ്കിലും താരം കാറ്റലൻ ക്ലബിലേക്കു തന്നെ മടങ്ങിയെത്തുമെന്ന ഉറച്ച പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ അർജന്റീന താരമായ യുവാൻ റോമൻ റിക്വൽമി. നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം മെസി കളിക്കുന്നതു കാണാൻ താൻ കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടി മെസി തിരിച്ചു വരുമെന്നുമാണ് റിക്വൽമി പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധികൾ അതിരൂക്ഷമായതിനെ തുടർന്നാണ് ഫുട്ബോൾ ലോകം എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മെസിയെ ബാഴ്സലോണക്ക് വീണ്ടും ടീമിന്റെ ഭാഗമാക്കാൻ കഴിയാതിരുന്നത്. സൂപ്പർതാരങ്ങൾ അടങ്ങിയ അതിശക്തമായ സ്ക്വാഡുള്ള പിഎസ്ജിയിലേക്ക് മെസി ചേക്കേറിയതോടെ കൂടുതൽ കിരീടങ്ങൾ അർജന്റീനിയൻ താരത്തിന് സ്വന്തമാക്കാൻ കഴിയുമെന്നാണ് റിക്വൽമി വിശ്വസിക്കുന്നത്.
Riquelme is hopeful...https://t.co/k6klCYsJUn
— Football España (@footballespana_) September 3, 2021
"പാരീസിനെ ആസ്വദിക്കാനാണ് മെസി പോയതെന്നാണ് ഞാൻ കരുതുന്നത്. അതു വിചിത്രമാണോയെന്ന് എനിക്കറിയില്ല. പക്ഷെ ഞങ്ങളെല്ലാവരും നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം താരം ആസ്വദിക്കുന്നതിനു കാണാൻ കാത്തിരിക്കുകയാണ്," ഇഎസ്പിഎൻ അർജന്റീനയോട് സംസാരിക്കുമ്പോൾ റിക്വൽമി പറഞ്ഞു.
"ഇപ്പോൾ പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലെങ്കിൽ പിന്നീടൊരിക്കലും അത് നേടാനവർക്ക് കഴിയുകയില്ല. മെസി പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കുമെന്നും അതിനു ശേഷം ബാഴ്സലോണയിലെത്തി റിട്ടയർ ചെയ്യുമെന്നുമാണ് ഞാൻ കരുതുന്നത്," റിക്വൽമി കൂട്ടിച്ചേത്തു.
ലയണൽ മെസി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുമ്പോൾ മെസിക്ക് മുപ്പത്തിയാറു വയസ്സായിരിക്കും പ്രായമെന്നിരിക്കെ ഇപ്പോൾ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് നടത്തിയതു പോലെയൊരു തിരിച്ചുവരവ് മെസി ബാഴ്സലോണയിലേക്കും നടത്തുമെന്നാണ് അവർ കരുതുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.