ബാഴ്സയുമായുള്ള കരാറിന്റെ അവസാന 6 മാസങ്ങളിലേക്ക് കടന്നതിന് ശേഷം പിഎസ്ജി മെസ്സിയെ ബന്ധപ്പെട്ടിരുന്നെന്ന് ലിയനാർഡോ

ബാഴ്സലോണയുമായുണ്ടായിരുന്ന കരാറിന്റെ അവസാന ആറ് മാസങ്ങളിലേക്ക് കടന്നതിന് ശേഷം ലയണൽ മെസ്സിയെ തങ്ങൾ ബന്ധപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തി പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ. ലയണൽ മെസ്സിയെ പിഎസ്ജിയിലെത്തിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിലാണ് മെസ്സിയെ പിഎസ്ജി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച മെസ്സിക്ക് പുതിയ കോൺട്രാക്ട് നൽകാൻ കഴിയില്ലെന്ന് കാറ്റലൻ ക്ലബ് വ്യക്തമാക്കിയതോടെയാണ്, ഫ്രഞ്ച് ക്ലബിലേക്കുള്ള മെസ്സിയുടെ ട്രാൻസ്ഫറിന് കളമൊരുങ്ങിയത്.
എന്നാൽ, അങ്ങനെയൊരു സാഹചര്യം ഒത്തു വരുന്നതിന് മുൻപ് തന്നെ മെസ്സിയെ ടീമിലെത്തിക്കാൻ തങ്ങൾക്ക് താല്പര്യം ഉണ്ടായിരുന്നെന്നും, താരത്തെ തങ്ങൾ മുൻപ് ബന്ധപ്പെട്ടിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലിയനാർഡോ.
Leonardo: I think Messi wanted to stay https://t.co/iTDKGV2ycz
— SPORT English (@Sport_EN) September 16, 2021
"ഞങ്ങൾ അദ്ദേഹത്തെ മുൻപ് ബന്ധപ്പെട്ടിരുന്നു എന്ന വസ്തുത എനിക്ക് മറച്ചു വെക്കാൻ കഴിയില്ല," ലിയനാർഡോ കനാൽ പ്ലസിനോട് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്തു. "ഞങ്ങൾ സംസാരിച്ചു, പക്ഷെ അത് കരാർ അവസാനിക്കാൻ ആറ് മാസം മാത്രം ബാക്കി നിൽക്കെ, ജനുവരിക്ക് ശേഷമായിരുന്നു. ജനുവരിക്ക് മുൻപ് ഞങ്ങൾ അദ്ദേഹത്തെ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല."
എഫ്സി ബാഴ്സലോണയിൽ തുടരാൻ കഴിയില്ലെന്ന് ഉറപ്പായതോടെ പിഎസ്ജിയിലേക്ക് ചേക്കേറാൻ മെസ്സി കാണിച്ച ആഗ്രഹം താരത്തെ സ്വന്തമാക്കാൻ തങ്ങളെ പ്രചോദിപ്പിച്ചെന്നും ലിയനാർഡോ വെളിപ്പെടുത്തി. പിഎസ്ജി ജേഴ്സിയിൽ മെസ്സി കളിക്കുന്നത് ഒരു വലിയ കാര്യമാണെന്നും ഫ്രഞ്ച് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടർ കൂട്ടിച്ചേർത്തു.
"ബാഴ്സലോണയിൽ തുടരുകയും, സാധ്യമെങ്കിൽ അവിടെ തന്നെ വിരമിക്കുകയും ചെയ്യുക എന്നതായിരുന്നു മെസ്സിയുടെ ഐഡിയ എന്ന് എനിക്ക് തോന്നുന്നു, പക്ഷെ അത് അവസാനിച്ചപ്പോൾ, (പിഎസ്ജിയിലേക്ക്) വരാൻ അദ്ദേഹം കാണിച്ച ആഗ്രഹം അദ്ദേഹത്തെ സ്വന്തമാക്കാൻ ഞങ്ങളെ ശരിക്കും പ്രചോദിപ്പിച്ചു," ലിയനാർഡോ പറഞ്ഞു.
"പിഎസ്ജിയുടെ ഷർട്ടിൽ മെസ്സിയെപ്പോലൊരു താരത്തെ ആലോചിച്ചു നോക്കൂ, അതൊരു വലിയ കാര്യമാണ്."