Football in Malayalam

വീട്ടിലെല്ലാവരും കോപ്പ അമേരിക്ക ഫൈനൽ കണ്ടത് അവരവരുടെ മുറിയിലിരുന്നെന്ന് മെസിയുടെ മാതാവ്

Gokul Manthara
Lionel Messi
Lionel Messi / CARL DE SOUZA/Getty Images
facebooktwitterreddit

അർജന്റീനക്കൊപ്പം പല തവണ ഫൈനലിൽ കാലിടറിയ മെസിക്ക് ഇക്കുറി കിരീടം നേടാനായത് അദ്ദേഹത്തിന്റെ മാത്രമല്ല, എതിർ ടീമുകളുടെ ആരാധകരേയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. അർജന്റീന കോപ്പ അമേരിക്ക നേടിയത് ആരാധകർ ആഘോഷമാക്കുന്നതിനിടെ ഇപ്പോളിതാ ഫൈനൽ മത്സരം വീട്ടിലിരുന്ന് കണ്ടതിന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് മെസിയുടെ മാതാവായ സെലിയ മെസി.

വീട്ടിലിരുന്നാണ് അർജന്റീനയും ബ്രസീലും തമ്മിൽ നടന്ന കോപ്പ അമേരിക്ക ഫൈനൽ കണ്ടതെന്ന് പറയുന്ന സെലിയ മെസി, വളരെ പിരിമുറുക്കത്തിലായിരുന്ന തങ്ങൾ സാധ്യമായ എല്ലാ വികാരങ്ങളിലൂടെയും ഈ സമയം കടന്നു പോയെന്നും ചൂണ്ടിക്കാട്ടി. മത്സരം കാണുന്നത് വളരെയധികം സമ്മർദ്ദം നൽകുന്നതായിരുന്നുവെന്ന് പറയുന്ന സെലിയ, പക്ഷേ ഈ അത്ഭുതം തങ്ങൾക്ക് നൽകാൻ താൻ ദൈവത്തെ വിശ്വസിച്ചുവെന്നും അർജന്റൈൻ‌ മാധ്യമമായ ഡിയാരിയോ ഒലെയോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

"വീട്ടിലുണ്ടായിരുന്ന എല്ലാവരും അവരവരുടേതായ മുറികളിലിരുന്ന് മത്സരം കണ്ടു. മത്സരം അവസാനിക്കുന്നത് വരെ ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചില്ല. മെസിയുടെ സഹോദരങ്ങൾ കുട്ടികൾക്കൊപ്പമാണ് കളി കണ്ടത്. അന്റോണല്ല അവളുടെ അമ്മക്കൊപ്പമായിരുന്നു."

"എല്ലാ മത്സരങ്ങൾക്ക് ശേഷവും ലിയോ ഞങ്ങളുമായും അവന്റെ സഹോദരങ്ങളുമായും സംസാരിക്കും. തീർച്ചയായും അവൻ ആദ്യം സംസാരിക്കുന്നത് അന്റോണല്ലയോടും കുട്ടികളോടുമാണ്. ഞായറാഴ്ച ഞങ്ങൾ ഇവിടെ അവനായി കാത്തിരുന്നു. ഭാഗ്യവശാൽ ഞങ്ങൾക്കെല്ലാവർക്കും ആഘോഷിക്കാനായി ഒത്തുകൂടാനായി. ഞങ്ങൾക്ക് അതിൽ വളരെയധികം സന്തോഷമുണ്ട്," സെലിയ മെസി കൂട്ടിച്ചേർത്തു.


facebooktwitterreddit