റയൽ മാഡ്രിഡിനെതിരെ പെനാൽറ്റി തുലച്ച ലയണൽ മെസി ചാമ്പ്യൻസ് ലീഗിലെ നാണക്കേടിന്റെ റെക്കോർഡിനൊപ്പം

Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League
Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League / Chris Brunskill/Fantasista/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിനെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്‌ജിക്കു വേണ്ടി എംബാപ്പെ നേടിയെടുത്ത പെനാൽറ്റി തുലച്ചതോടെ ചാമ്പ്യൻസ് ലീഗിലെ നാണക്കേടിന്റെ റെക്കോർഡിനൊപ്പമെത്തി സൂപ്പർതാരം ലയണൽ മെസി. മത്സരത്തിൽ മെസി മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി റയൽ ഗോൾകീപ്പർ ക്വാർട്ടുവ തട്ടിയകറ്റിയതോടെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമെന്ന റെക്കോർഡിനൊപ്പമാണ് ലയണൽ മെസിയെത്തിയത്.

ഇതുവരെ ചാമ്പ്യൻസ് ലീഗിൽ ഇരുപത്തിമൂന്നു പെനാൽറ്റികൾ എടുത്തിട്ടുള്ള മെസി അതിൽ അഞ്ചെണ്ണം നഷ്ടപ്പെടുത്തിയാണ് മുൻ ആഴ്‌സണൽ, ബാഴ്‌സലോണ താരമായ തിയറി ഹെൻറിയുടെ പേരിലുണ്ടായിരുന്ന മോശം റെക്കോർഡിന്റെ ഒപ്പമെത്തിയത്. അതേസമയം ഇന്നലെ ലഭിച്ച പെനാൽറ്റി എടുത്തതോടെ റൊണാൾഡോയെ മറികടന്ന് ഏറ്റവുമധികം പെനാൽറ്റി അറ്റംപ്റ്റുകൾ നടത്തുന്ന താരമായി മെസി മാറിയിട്ടുണ്ട്.

മത്സരത്തിൽ പെനാൽറ്റി നഷ്‌ടപെടുത്തിയത് മാറ്റി നിർത്തിയാൽ മെസിയുടെ പ്രകടനം മികച്ചു നിന്നിരുന്നു. ആദ്യപകുതിയിൽ എംബാപ്പക്ക് ഒരു സുവർണാവസരം ഒരുക്കി നൽകിയ മെസി മത്സരത്തിലുടനീളം പിഎസ്‌ജി മുന്നേറ്റങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്നു. നാലു കീ പാസുകൾ കളിയിൽ നൽകിയ താരം പക്ഷെ പെനാൽറ്റി തുലച്ചതോടെ മത്സരത്തിൽ ചെലുത്തിയ പ്രഭാവം മുഴുവൻ നഷ്ടപ്പെടുത്തുകയായിരുന്നു.

ഈ സീസണിൽ പിഎസ്‌ജിയിൽ എത്തിയ ലയണൽ മെസി ടീമിനൊപ്പം ഇണങ്ങിച്ചേർന്ന് തന്റെ പ്രതിഭ പൂർണമായും പുറത്തെടുക്കുന്ന രീതിയിൽ കളിച്ചിട്ടുള്ളത് കുറവാണെങ്കിലും റയൽ മാഡ്രിഡിനെതിരെ താരം കാഴ്‌ച വെച്ച പ്രകടനം മികച്ചു നിന്നിരുന്നു. ഫ്രഞ്ച് ലീഗിൽ നടത്തുന്നതിനേക്കാൾ മികച്ച പ്രകടനം ചാമ്പ്യൻസ് ലീഗിൽ നടത്തുന്ന താരം ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും നിർണായക മത്സരത്തിൽ പെനാൽറ്റി സ്പോട്ടിൽ പതറിയാത് ആരാധകർക്ക് നിരാശയായി മാറി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.