ഐഎഫ്എഫ്എച്ച്എസിന്റെ മെൻസ് ടീം ഓഫ് ദി ഇയറില്‍ ഇടം നേടി ലയണല്‍ മെസി

Paris Saint-Germain v AS Monaco - Ligue 1
Paris Saint-Germain v AS Monaco - Ligue 1 / John Berry/GettyImages
facebooktwitterreddit

ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിക്‌സിന്റെ ടീം ഓഫ് ദ ഇയറില്‍ ഇടം നേടിയ ലയണല്‍ മെസ്സി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ലാറ്റിനമേരിക്കയില്‍ നിന്ന് ടീമില്‍ ഇടം നേടിയ ഏക താരം മെസ്സിയാണ്. 2021 ല്‍ മെസ്സി നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം അര്‍ജന്റീനക്കായി കോപാ അമേരിക്ക കിരീടം നേടിയ മെസ്സി ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും ഏറ്റവു കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവും മെസ്സി തന്നെയായിരുന്നു. ബാഴ്‌സലോണക്കൊപ്പം കോപ ഡെല്‍ റേ കിരീടം ഉയര്‍ത്തിയ മെസ്സി ഏഴാം ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയതും ഈ വര്‍ഷത്തിലായിരുന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് മെസ്സിയെ ഐഎഫ്എഫ്എച്ച്എസിന്റെ ടീം ഓഫ് ദ ഇയറിലേക്ക് പരിഗണിച്ചിരിക്കുന്നത്. മെസ്സിക്കൊപ്പം പിഎസ്‌ജിയില്‍ താരത്തിന്റെ സഹതാരങ്ങളായ ജിയാന്‍ലൂജി ഡോണരുമ്മ, അഷ്‌റഫ് ഹക്കീമി, കൈലിയന്‍ എംബാപ്പെ എന്നിവരും ടീമിലുള്‍പ്പെട്ടിട്ടുണ്ട്.

ബയേണ്‍ മ്യൂണിക് താരം അല്‍ഫോന്‍സോ ഡേവിസ്, മാഞ്ചസ്റ്റര്‍ സിറ്റി താരം റൂബന്‍ ഡയസ്, യുവന്റസ് താരം ലിയനാര്‍ഡോ ബനൂച്ചി, മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രൂയിന്‍, ചെല്‍സി താരം ജോര്‍ജീഞ്ഞോ, ബയേണ്‍ മ്യൂണിക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരുക്കിന്റെ പിടിയിലകപ്പെട്ട് സീസണില്‍ ഒരുപാട് മത്സരങ്ങള്‍ നഷ്ടപ്പെട്ട പിഎസ്‌ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിന് ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.