കിലിയൻ എംബാപ്പെക്കൊപ്പം തുടർന്നും കളിക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ലയണൽ മെസി


ഈ സീസണോടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണെങ്കിലും ഫ്രഞ്ച് താരത്തിനൊപ്പം തുടർന്നും കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീമിലെ സൂപ്പർതാരമായ ലയണൽ മെസി. എംബാപ്പയെ മൈതാനത്തും പുറത്തും തനിക്ക് അറിയുമായിരുന്നില്ലെന്നും എന്നാൽ കൂടുതൽ മനസിലാക്കി താരവുമായി ഇണങ്ങിച്ചേരാൻ ശ്രമിക്കുന്നുണ്ടെന്നും മെസി വ്യക്തമാക്കി.
ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണയിൽ നിന്നും ഫ്രാൻസിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ഇതുവരെയും ഫ്രഞ്ച് ഫുട്ബോളിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ താരങ്ങളുമായി ഒത്തിണക്കം വരുന്നത് മികച്ച പ്രകടനം നടത്തുന്നതിൽ വളരെ പ്രധാനമാണെന്നു വ്യക്തമാക്കിയ മെസി എംബാപ്പെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്നും പറഞ്ഞു.
"ഡി മരിയ, നെയ്‌മർ എന്നിവരെ എനിക്ക് നേരത്തെ അറിയാം. ഡി മരിയക്കൊപ്പം ദേശീയ ടീമിൽ കളിക്കുമ്പോൾ നെയ്‌മർക്കൊപ്പം ബാഴ്‌സലോണയിൽ ഞങ്ങൾ ഒരുമിച്ചു കളിച്ചിട്ടുണ്ട്. എന്നാൽ കിലിയൻ എനിക്ക് മൈതാനത്തും അതിനു പുറത്തും അറിയാത്ത താരമായിരുന്നു. പരസ്‌പരം സുഖകരമായി തുടരാൻ കഴിയുന്നതു കാണാൻ ക്രമേണ ഞങ്ങൾ കൂടുതൽ മനസിലാക്കുകയും കളിക്കളത്തിൽ പരസ്‌പരം അറിയുകയും ചെയ്‌തു." പിഎസ്‌ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സംസാരിക്കുമ്പോൾ മെസി പറഞ്ഞു.
"മികച്ച താരങ്ങളുമായി കളിക്കളത്തിൽ ഇറങ്ങുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ബാഴ്‌സലോണയിൽ വളരെക്കാലം അതു ചെയ്യാൻ എനിക്ക് കഴിഞ്ഞു, എല്ലായിപ്പോഴും മികച്ചവരുമായി കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഇപ്പോൾ അത് പാരീസിലും ചെയ്യാൻ വേണ്ടിയുള്ള എന്റെ ഊഴമാണ്. സന്തോഷത്തോടെ അതു തുടർന്നും ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു." മെസി വ്യക്തമാക്കി.
ടീമുമായി പൂർണമായും ഇണങ്ങാൻ കഴിയാത്തതിനാൽ തന്നെ ഈ സീസണിലിതു വരെ ഒൻപതു ഗോളുകൾ മാത്രമാണ് മെസി നേടിയിരിക്കുന്നത്. അതേസമയം ലീഗിൽ മാത്രം എട്ട് ഗോളിന് വഴിയൊരുക്കാനും താരത്തിനു കഴിഞ്ഞു. ഫ്രഞ്ച് ലീഗിലെ അടുത്ത മത്സരത്തിൽ സെയിന്റ് ഏറ്റിയെന്നെയെയാണ് പിഎസ്‌ജി നേരിടാൻ തയ്യാറെടുക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.