മെസി കളിച്ചേക്കും, പരെഡെസ് പുറത്ത്; ഉറുഗ്വെക്കെതിരായ മത്സരത്തിനുള്ള അർജന്റൈൻ ഇലവനെക്കുറിച്ച് സൂചന നൽകി സ്കലോണി

പരിക്കിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന ലയണൽ മെസി അടുത്ത ദിവസം ഉറുഗ്വെ ക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റൈൻ നിരയിലുണ്ടായേക്കുമെന്ന് സൂചനകൾ നൽകി പരിശീലകൻ ലയണൽ സ്കലോണി. ടീമിനൊപ്പം ചേർന്നതിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ ഒറ്റക്ക് പരിശീലനം നടത്തിയ മെസി കഴിഞ്ഞ ദിവസം കൂടുതൽ തീവ്രതയോടെ പരിശീലനത്തിലേർപ്പെട്ടെന്ന് വ്യക്തമാക്കിയ സ്കലോണി, ഉറുഗ്വെ ക്കെതിരായ മത്സരത്തിൽ അദ്ദേഹം സെലക്ഷന് ലഭ്യമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
"ലിയോയുള്ളത് കാര്യങ്ങൾ എളുപ്പമാകുന്നു, അവൻ എല്ലായ്പ്പോളും കളിക്കാൻ ആഗ്രഹിക്കുന്നു, ഞാനും അദ്ദേഹം എല്ലായ്പ്പോളും കളിക്കണമെന്ന് ആഗ്രഹിക്കുന്നു. അഭിമാനകരമായ മനോഭാവമാണ് അദ്ദേഹത്തിന്റേത്. പൗളോ ഡിബാല പകരക്കാരനായേക്കും. ഞങ്ങൾക്ക് വ്യത്യസ്ത ഓപ്ഷനുകളുണ്ട്. ലിയോ മികച്ച രീതിയിലാണുള്ളതെന്ന് ഞങ്ങൾ കരുതുന്നു. ധാരാളം കളിക്കാർ ഞങ്ങൾക്കൊപ്പമുണ്ട്. അത് ഞങ്ങളെ ശാന്തരാക്കുന്നു." മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവെ സ്കലോണി പറഞ്ഞു.
പരിക്കിന്റെ പിടിയിലുള്ള സ്റ്റാർ മിഡ്ഫീൽഡർ ലിയാൻഡ്രോ പരെഡെസ്, ഉറുഗ്വെക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് സംസാരത്തിനിടെ വ്യക്തമാക്കിയ സ്കലോണി, ഇതൊഴിച്ചു നിർത്തിയാൽ പെറുവിനെതിരായ അവസാന മത്സരത്തിൽ കളിച്ചതിന് ഏറെക്കുറെ സമാനമായ ടീമിനെയാകും ഉറുഗ്വെക്കെതിരെയും തങ്ങൾ അണിനിരത്തുകയെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ അക്കാര്യം സ്ഥിരീകരിക്കാൻ തനിക്ക് കഴിയില്ലെന്നും ഇതിനൊപ്പം അദ്ദേഹം ഓർമ്മിപ്പിച്ചു.
Argentina coach Lionel Scaloni: "Paredes is ruled out and the rest of the team will be practically the same as the last match but I can't confirm it."
— Roy Nemer (@RoyNemer) November 11, 2021
ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന സെർജിയോ അഗ്യൂറോയുടെ കാര്യത്തിൽ തങ്ങൾക്ക് സങ്കടമുണ്ടെന്ന് വ്യക്തമാക്കിയ സ്കലോണി, അദ്ദേഹത്തിന് തങ്ങളുടെ എല്ലാവിധ പിന്തുണകളുമുണ്ടെന്നും വ്യക്തമാക്കി. "ഞങ്ങൾ കുൻ നോട് (അഗ്യൂറോ) സംസാരിച്ചു. ഞങ്ങൾക്ക് വിഷമമുണ്ട്, കാരണം ഇത് ആർക്കും സംഭവിക്കാതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് കരുതുന്നു, ഞങ്ങൾ ഇവിടെ നിന്ന് അദ്ദേഹത്തിന് പിന്തുണ അയക്കുന്നു. ഞങ്ങൾ അവനെ അഭിനന്ദിക്കുന്നു. അവൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." സ്കലോണി പറഞ്ഞു നിർത്തി.