ഞാൻ സുഖമായിരിക്കുന്നു, എന്നാൽ ശാരീരികമായി അത്ര മികച്ച നിലയിലല്ല; ബ്രസീലിനെതിരായ മത്സരത്തിന് ശേഷം മനസ് തുറന്ന് മെസി

ബ്രസീലിനെതിരെ ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ടീമിന്റെ നായകനായ ലയണൽ മെസി അതിൽ സന്തുഷ്ടനാണ്. മത്സരത്തിന് ശേഷം സംസാരിക്കവെ സമനില നേടാൻ കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറഞ്ഞ മെസി, വളരെ തീവ്രതയേറിയ മത്സരമായിരുന്നു ബ്രസീലിനെതിരെയുണ്ടായിരുന്നതെന്നും അഭിപ്രായപ്പെട്ടു.
ബ്രസീലിനെതിരായ മത്സരത്തിൽ തങ്ങൾ പരാജയപ്പെട്ടില്ല എന്നത് വളരെ പ്രധാന കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മെസി, തങ്ങൾ വളരുകയും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. നിലവിൽ താൻ സുഖമായിരിക്കുന്നുവെന്നും എന്നാൽ ശാരീരികമായി അത്ര മികച്ച നിലയിലല്ല എന്നും ഇതിനൊപ്പം മെസി കൂട്ടിച്ചേർത്തു.
Lionel Messi against Brazil. pic.twitter.com/jfBl5tQ9Du
— Roy Nemer (@RoyNemer) November 17, 2021
"ഞാൻ വളരെക്കാലമായി കളിച്ചിട്ടില്ല. ഇത് വളരെ തീവ്രതയേറിയ ഒരു മത്സരമായിരുന്നു. എനിക്ക് എന്റെ താളം കണ്ടെത്തേണ്ടതുണ്ട്. ഞാൻ സുഖമായിരിക്കുന്നു, എന്നാൽ ശാരീരികമായി അങ്ങനെയല്ല. കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ വെറുതെ നിൽക്കുകയായിരുന്നു, അതിനാൽ തന്നെ പെട്ടെന്ന് ഇത്ര വേഗത്തിലുള്ള മത്സരം കളിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എനിക്ക് സുഖമാണ്, ഈ വർഷം മികച്ച രീതിയിൽ അവസാനിപ്പിക്കാമെന്ന് ഞാൻ കരുതുന്നു," മെസി പറഞ്ഞു.
അതേ സമയം, ബ്രസീലും അർജന്റീനയും തമ്മിൽ ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഇന്ന് നടന്ന മറ്റൊരു യോഗ്യതാ മത്സരത്തിൽ ചിലിയെ, ഇക്വഡോർ പരാജയപ്പെടുത്തിയതോടെ ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടാൻ അർജന്റീനക്ക് കഴിഞ്ഞു.