Football in Malayalam

മെസി പി എസ് ജിയിലേക്ക് തന്നെ, കരാർ ഔദ്യോഗികമാകുന്നു; മെഡിക്കൽ ഉടനെന്നും സൂചന

Gokul Manthara
Lionel Messi of Barcelona Press Conference
Lionel Messi of Barcelona Press Conference / Eric Alonso/Getty Images
facebooktwitterreddit

ബാഴ്സലോണ വിട്ട അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ അടുത്ത തട്ടകം ഫ്രഞ്ച് ക്ലബ്ബായ ‌പാരീസ് സെന്റ് ജെർമ്മനായിരിക്കുമെന്ന കാര്യം ഉറപ്പായി. നേരത്തെ മുതൽ ഇത് സംബന്ധിച്ച സൂചനകളുണ്ടായിരുന്നെങ്കിലും അല്പം മുൻപ്‌ പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫബ്രീസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. മെസിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ ഏറെക്കുറെ അവസാനമായിരിക്കുകയാണ്.

മെസി പിഎസ്‌ജിയിൽ ചേരുന്ന കാര്യം ഉറപ്പായതായി പറയുന്ന റൊമാനോ, വ്യാഴാഴ്ച മുതൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം മെസിയുടെ പിതാവും, അദ്ദേഹത്തിന്റെ ഏജന്റും കൂടിയായ ജോർജ് മെസിക്ക് ഫ്രഞ്ച് ക്ലബിന്റെ ഒഫീഷ്യൽ കോണ്ട്രാക്ട് ഇന്ന് രാവിലെ ‌ലഭിച്ചതായും, മെസി ഈ കരാർ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു. അന്തിമ നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ മെസി ഫ്രഞ്ച് ക്ലബ്ബുമായി കരാറിൽ ഒപ്പുവെക്കുമെന്നും, നിലവിൽ പാരീസിലേക്കുള്ള യാത്രക്കായും, മെഡിക്കലിനായും താരം തയ്യാറെടുക്കുകയാണെന്നും തന്റെ ട്വീറ്റിൽ റൊമാനോ കൂട്ടിച്ചേർത്തു.

ബാഴ്സലോണയിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിനിടെ താൻ പിഎസ്ജിയിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന് മെസിയും സൂചനകൾ നൽകിയിരുന്നു. ഇക്കാര്യത്തിൽ ഒന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ താരം, താൻ ക്ലബ്ബിൽ തുടരില്ലെന്ന ബാഴ്സലോണയുടെ പ്രസ്താവനക്ക് പിന്നാലെ നിരവധി അന്വേഷണങ്ങൾ വരുന്നുണ്ടെന്നും അതെല്ലാം തങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തിരുന്നു.

അതേ സമയം, പതിനേഴ് വർഷക്കാലം ബാഴ്സലോണയുടെ സീനിയർ ടീമിൽ നിറഞ്ഞു നിന്നതിന് ശേഷമാണ് ലയണൽ മെസി ഇപ്പോൾ ക്ലബ്ബ് വിടുന്നത്. ജൂൺ അവസാനത്തോടെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായ മെസി ബാഴ്സലോണയുമായി പുതിയ കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും സാമ്പത്തികപരവും, ഘടനാപരവുമായ തടസങ്ങൾ മൂലം ഈ കരാർ സംഭവിക്കില്ലെന്ന് കഴിഞ്ഞ ദിവസം കറ്റാലൻ ക്ലബ്ബ് തന്നെ വ്യക്തമാക്കുകയായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit