Football in Malayalam

മെസിയെ സ്വന്തമാക്കുന്നത് ഈ സമ്മറിൽ പി എസ് ജി‌യുടെ മുൻ ഗണനയിലുള്ള കാര്യമല്ല;ഏറ്റവും പുതിയ സൂചനകൾ ഇങ്ങനെ

Gokul Manthara
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

ഈ വർഷം ജൂണിൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകത്ത് ഉയരുന്നത്. മെസി ബാഴ്സലോണയിൽ തുടരുമെന്നും അതല്ല യൂറോപ്പിലെ ഏതെങ്കിലും വമ്പൻ ക്ലബ്ബുകളിലേക്ക് അദ്ദേഹം പോയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.‌ മെസി ബാഴ്സലോണയിൽ തുടരുന്നില്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യതകളുള്ള ക്ലബ്ബ് പാരീസ് സെന്റ് ജെർമ്മനാണ്.

ഈ സമ്മറിൽ കറ്റാലൻ ക്ലബ്ബുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന മെസിയെ സ്വന്തമാക്കാൻ പി എസ് ജി ശക്തമായ ശ്രമങ്ങൾ നടത്തുമെന്നും, താരത്തിനായി അവർ ഒരു ഓഫർ തയ്യാറാക്കിയതായും കഴിഞ്ഞ ദിവസം ടി എൻ ടി സ്പോർട് ബ്രസീൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോളിതാ വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പി എസ് ജി യുടെ മുൻഗണനയിലുള്ള താരമല്ല മെസിയെന്നും, മറിച്ച് കെയ്ലിൻ എംബാപ്പെയുടെ കരാർ പുതുക്കലിന് വേണ്ടിയാകും അവർ ശക്തമായി ശ്രമിക്കുകയെന്നും റിപ്പോർട്ട് ചെയ്തിരിക്കുകയാണ് പ്രശസ്ത ഫ്രഞ്ച് ദിനപത്രമായ എൽ എക്വിപ്.

2022 വരെ തങ്ങളുമായി കരാറുള്ള കെയ്ലിൻ എംബാപ്പെയെ ദീർഘനാളത്തേക്ക് ക്ലബ്ബിൽ നിലനിർത്താൻ പി എസ് ജി ആഗ്രഹിക്കുന്നതായും, അത് കൊണ്ടു‌തന്നെ ഈ വേനൽക്കാലത്ത് എംബാപ്പെയുമായി പുതിയ കരാറിൽ ഒപ്പുവെക്കുന്നതിനാവും പി എസ് ജി യുടെ പ്രധാന ശ്രമങ്ങളെന്നുമാണ് എൽ എക്വിപ് പറയുന്നത്. എന്നാൽ മെസിയെ ടീമിലെത്തിക്കുന്നത് ഈ വേനൽക്കാലത്ത് പി എസ് ജി യുടെ മുൻ ഗണനയിലുള്ള കാര്യമല്ലെങ്കിലും താരത്തിന്റെ പ്രതിനിധികളുമായി പി എസ് ജി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഫ്രഞ്ച് ദിനപത്രം ചൂണ്ടിക്കാട്ടുന്നു.

രണ്ട് വർഷ കരാർ നൽകി മെസിയെ ടീമിലെത്തിക്കാൻ ഈ സമ്മറിൽ പി എസ് ജി ശ്രമിക്കുമെന്നായിരുന്നു നേരത്തെ ബ്രസീലിയൻ മാധ്യമമായ ടിഎൻടി സ്പോർട് പുറത്ത് വിട്ട റിപ്പോർട്ട്‌. എന്നാൽ ഈ‌ സമ്മറിൽ മെസിയെ ടീമിലെത്തിക്കുന്നത് പി എസ് ജിയുടെ മുൻ ഗണനയിലുള്ള കാര്യമല്ലെന്ന് എൽ എക്വിപ് തറപ്പിച്ച് പറയുന്നു. ഈ സമ്മറിൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന മെസി ഒന്നെങ്കിൽ ക്ലബ്ബിൽ തുടരുമെന്നും, അല്ലെങ്കിൽ പി എസ് ജി‌യിലേക്ക് വന്നേക്കാമെന്നും പറയുന്ന ഫ്രഞ്ച് മാധ്യമം, താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

facebooktwitterreddit