Football in Malayalam

പരിക്കിന്റെ ഭീതിയിൽ നിന്ന് പുറത്ത് വന്ന് മെസി, ബ്രസീലിനെതിരെ അർജന്റീന ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയെന്നും സ്കലോണി

By Gokul Manthara
Venezuela v Argentina - FIFA World Cup 2022 Qatar Qualifier
Venezuela v Argentina - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസം വെനസ്വേലക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അർജന്റൈൻ നായകൻ ലയണൽ മെസി കടുത്ത‌ ടാക്കിളുകളിലൊന്നിന് വിധേയനായിരുന്നു. എതിർ പ്രതിരോധ താരം അഡ്രിയാൻ മാർട്ടിനസിന്റെ ടാക്കിൾ ലയണൽ മെസിയെ പരിക്കിന്റെ പിടിയിലേക്ക് തള്ളി വിട്ടെന്നും താരത്തിന് ടീമിന്റെ അടുത്ത മത്സരം നഷ്ടമായേക്കുമെന്നും പിന്നാലെ അഭ്യൂഹങ്ങൾ ഉയർന്നു.

എന്നാൽ ഇപ്പോളിതാ മെസി മികച്ച നിലയിലാണുള്ളതെന്നും, ഇന്ന് രാത്രി ബ്രസീലിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി താരം പൂർണ‌ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി രംഗത്തെത്തിയിരിക്കുന്നു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഇന്നലെ സംസാരിക്കുന്നതിനിടെയായിരുന്നു അർജന്റൈൻ ആരാധകർക്ക് ആശ്വാസം നൽകുന്ന അപ്ഡേറ്റ് സ്കലോണി നൽകിയത്.

"ലിയോ സുഖമായിരിക്കുന്നു. അത് ഭയപ്പെടുത്തുന്നതായിരുന്നു, എന്നാൽ ഭാഗ്യവശാൽ അദ്ദേഹം മികച്ച നിലയിലാണ്. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന ഫീൽഡ് ജോലികൾക്ക് ശേഷം ഞങ്ങൾ അദ്ദേഹത്തിന്റെ അവസ്ഥ 100 ശതമാനവും സ്ഥിരീകരിക്കും."

"പക്ഷേ ആരൊക്കെ കളിച്ചാലും ബ്രസീൽ എല്ലായ്പ്പോളും പ്രധാനപ്പെട്ട ഒരു എതിരാളിയാണ്. സാഹചര്യം ആവശ്യപ്പെടുന്ന അങ്ങേയറ്റം പ്രതിബദ്ധതയോടെ ഞങ്ങൾ ഈ മത്സരത്തെ നേരിടും. ടീം എങ്ങനെ അണിനിരത്തുമെന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയുണ്ട്. എന്നാൽ വെനസ്വേലക്കെതിരെ കളിച്ച താരങ്ങളുമായി ഇതു വരെ ഒരു പരിശീലന സെഷൻ നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾ ഒരു പക്ഷേ ടീമിൽ ചില ‌മാറ്റങ്ങൾ വരുത്തും." ലയണൽ സ്കലോണി പറഞ്ഞു നിർത്തി.

അതേ സമയം കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോട് നേരിട്ട പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെ ബ്രസീലും, കോപ്പ ഫൈനലിലെ വിജയം ആവർത്തിക്കാൻ അർജന്റീനയും ഇറങ്ങുമ്പോൾ ഇരു ടീമുകളും തമ്മിലുള്ള സൂപ്പർ ക്ലാസിക്കോ മത്സരം ആവേശപ്പൂരമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 ന് നടക്കാനിരിക്കുന്ന പോരാട്ടത്തിന് സാവോപോളോയിലെ അരീന കൊറിന്ത്യൻസ് സ്റ്റേഡിയമാണ് വേദിയാകുന്നത്.

facebooktwitterreddit