ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത മെസിക്കെന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ

കോപ്പ അമേരിക്കയിൽ മിന്നും പ്രകടനം കാഴ്ച വെച്ച് അർജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ചതോടെ ഫുട്ബോളിലെ ഏറ്റവും മികച്ച വ്യക്തിഗത പുരസ്കാരമെന്ന് കരുതപ്പെടുന്ന ബാലൺ ഡി ഓർ ഒരിക്കൽക്കൂടി മെസിക്ക് ലഭിക്കാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ക്ലബ്ബ് സീസണിൽ ബാഴ്സലോണക്കായും മിന്നിത്തിളങ്ങിയ മെസി തന്നെയാണ് ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരം അർഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുൻ ഇറ്റാലിയൻ നായകൻ ഫാബിയോ കന്നാവാരോ ഉൾപ്പെടെയുള്ള പല പ്രശ്സ്തരും രംഗത്തെത്തിയിട്ടുണ്ട്.
ഇത്തവണത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യതയുള്ള താരം മെസിയാണെന്നാണ് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാനും പറയുന്നത്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായും രാജ്യത്തിനായും മെസി പുറത്തെടുത്ത പ്രകടനങ്ങളെ പ്രശംസിക്കുന്ന കൂമാൻ, ലോകത്തെ ഏറ്റവും മികച്ചവനാണ് താനെന്ന് മെസി വീണ്ടും കാണിച്ചു തന്നതായും കൂട്ടിച്ചേർത്തു.
ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം മെസി വളരെയധികം പ്രധാനപ്പെട്ടയാളാണെന്ന് പറയുന്ന കൂമാൻ, കഴിഞ്ഞ സീസണിൽ വളരെ ബുദ്ധിമുട്ടേറിയ തുടക്കമായിരുന്നിട്ടും മെസിയുടെ ഗോൾ സ്കോറിംഗ് വളരെ മികച്ചു നിന്നെന്നും വ്യക്തമാക്കുന്നു. താൻ ലോകത്തെ ഏറ്റവും മികച്ചവനാണെന്ന് മെസി വീണ്ടും വീണ്ടും കാണിച്ചു തന്നെന്ന് ചൂണ്ടിക്കാട്ടുന്ന ബാഴ്സലോണ ബോസ്, കോപ്പ അമേരിക്ക നേടാൻ അദ്ദേഹം എത്ര മാത്രം ആഗ്രഹിച്ചിരുന്നുവെന്ന് തനിക്കറിയാമായിരുന്നുവെന്നും അവസാനം അദ്ദേഹം അത് നേടിയെടുത്തുവെന്നും ബാഴ്സലോണയുടെ ഔദ്യോഗിക വെബ്സൈറ്റിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.
'Lionel Messi is favourite to win Ballon d'Or after Copa America win', says Ronald Koeman https://t.co/zOYdyuhJIx
— Republic (@republic) July 18, 2021
"മികച്ച സീസണ് ശേഷമെത്തുന്ന മെസിക്കാണ് ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത. എന്നെ സംബന്ധിച്ച് അവനാണ് അവിടെ ഫേവറിറ്റ. "
- റൊണാൾഡ് കൂമാൻ
അതേ സമയം കഴിഞ്ഞ സീസണിൽ ലാലീഗയിലെ ടോപ് സ്കോററായിരുന്ന മെസി സീസണിൽ ക്ലബ്ബിനായി കളിച്ച 47 മത്സരങ്ങളിൽ 38 ഗോളുകൾ നേടിയതിനൊപ്പം 14 ഗോളുകൾക്ക് വഴിയുമൊരുക്കിയിരുന്നു. അർജന്റീനക്കൊപ്പം കിരീടം ചൂടിയ കോപ്പ അമേരിക്കയിൽ 4 ഗോളുകളും 5 അസിസ്റ്റുകളും നേടിയ മെസിയായിരുന്നു ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടും ഒപ്പം മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത്.