മെസിക്കെതിരെ കളിക്കുന്നത് ഒഴിവാക്കാനാണ് ഫ്രഞ്ച് ലീഗിലേക്കു ചേക്കേറാതിരുന്നതെന്ന് ബ്രസീലിയൻ താരം ഡേവിഡ് ലൂയിസ്


ലയണൽ മെസിക്കെതിരെ കളിക്കുന്നത് പേടിസ്വപ്നമാണെന്നും അതൊഴിവാക്കാൻ വേണ്ടിയാണ് ഫ്രഞ്ച് ലീഗിലേക്കു തിരിച്ചു പോകാനുള്ള സാധ്യതകൾ വേണ്ടെന്നു വെച്ചതെന്നും ബ്രസീലിയൻ പ്രതിരോധ താരം ഡേവിഡ് ലൂയിസ്. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച് ഫ്രീ ഏജന്റായ മുൻ പിഎസ്ജി താരം ആഴ്സണൽ വിടാനുള്ള കാരണവും അതിനൊപ്പം വ്യക്തമാക്കി.
കരാർ അവസാനിച്ച താരത്തോട് ലീഗ് വണിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ഡെയിലി മെയിൽ ചോദിച്ചപ്പോൾ ലൂയിസിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "മെസിയൊരു പേടിസ്വപ്നമാണ്. അദ്ദേഹത്തിനെതിരെ കളിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്."
'Messi is a nightmare, it is better not to play against him!’ - David Luiz explains Ligue 1 snub and Arsenal exit https://t.co/ZN4W40X8Yo pic.twitter.com/5YvU7HrhkB
— Goal South Africa (@GoalcomSA) August 13, 2021
നിലവിൽ ഒരു ക്ലബുമായും കരാർ ഒപ്പിട്ടിട്ടില്ലാത്ത മുപ്പത്തിനാല് വയസുള്ള താരം ആഴ്സണൽ വിടാനുണ്ടായ കാരണവും പറഞ്ഞു. "ഞങ്ങൾ രണ്ടു പേരും വഴിപിരിയാൻ തീരുമാനിച്ചു. രണ്ടു വർഷത്തെ കരാറിൽ എന്തെങ്കിലും കിരീടങ്ങൾ നേടാൻ വേണ്ടിയാണ് ഞാൻ ആഴ്സണലിൽ വന്നത്. ഞാനതു നേടുകയും ചെയ്തു," ആഴ്സണലിനൊപ്പം നേടിയ എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങൾ ഉദ്ദേശിച്ച് ലൂയിസ് പറഞ്ഞു.
"നിലവിൽ ആഴ്സണലിന് ദീർഘകാലത്തേക്കുള്ള ഒരു വ്യത്യസ്തമായ പ്രോജക്റ്റ് ഉണ്ടെന്നാണ് ഞാൻ മനസിലാക്കിയത്. അവരുടെ ആശയങ്ങളും ഇപ്പോൾ വ്യത്യസ്തമാണ്. എന്റെ ആശയം വിജയം നേടുക എന്നതു മാത്രമാണ്, എത്രയും വേഗം വിജയം നേടാൻ കഴിയുന്നുവോ, അത്രയും വേഗത്തിൽ," ലൂയിസ് വ്യക്തമാക്കി.
ചെൽസിക്കൊപ്പം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയിട്ടുള്ള ലൂയിസ്, റൊമേലു ലുക്കാക്കുവിന്റെ ട്രാൻസ്ഫർ താരം അർഹിച്ചതാണെന്നും പറഞ്ഞു. ബയേൺ മ്യൂണിക്കിനെതിരെ നടന്ന 2013ലെ സൂപ്പർ കപ്പിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ലുക്കാക്കു അതിൽ നിന്നും വളരെയധികം മുന്നോട്ടു പോയെന്നും ചെൽസിയെ കരുത്തരാക്കാൻ താരത്തിന് കഴിയുമെന്നും ലൂയിസ് വെളിപ്പെടുത്തി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.