കേരളത്തിൽ ഉയർന്ന മെസിയുടെ കൂറ്റൻ കട്ടൗട്ട് അർജന്റീനയിലും വാർത്തയാകുന്നു


അർജന്റീന ആരാധകരെ ആവേശത്തിമിർപ്പിൽ ആറാടിച്ചാണ് ഇത്തവണ കോപ്പ അമേരിക്ക ടൂർണമെന്റ് അവസാനിച്ചത്. ദേശീയ ടീം ഒരു കിരീടം നേടാൻ വേണ്ടിയുള്ള നിരവധി വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം കുറിച്ച് ബ്രസീലിനെ തോൽപിച്ച് ലയണൽ മെസിയും സംഘവും കോപ്പ അമേരിക്ക ട്രോഫിയിൽ മുത്തമിട്ടപ്പോൾ ആരാധകരത് ആഘോഷമാക്കുകയും ചെയ്തു.
ഫുട്ബോൾ ആരാധനക്ക് പേരുകേട്ട കേരളത്തിലും അർജന്റീന ആരാധകരുടെ ആഘോഷങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമുള്ള ആഘോഷങ്ങൾക്ക് പുറമെ നിരവധി സ്ഥലങ്ങളിൽ മെസി കിരീടവുമായി നിൽക്കുന്ന ബാനറുകളും കട്ടൗട്ടുകളും ചിത്രങ്ങളും ഉയരുകയുണ്ടായി. ഇതിൽ പലതും കേരളത്തിലെ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു.
A massive Lionel Messi cutout of him and the Copa America trophy in Kerala, India. This via M10Goat. pic.twitter.com/U40dFJmtuH
— Roy Nemer (@RoyNemer) July 26, 2021
കേരളത്തിലുള്ളവരുടെ അർജന്റീന, മെസി പ്രേമം ഇപ്പോൾ താരത്തിന്റെ ജന്മനാട്ടിലും വാർത്തയായിരിക്കുകയാണ്. വല്ലാർപാടത്തെ ആരാധകർ സ്ഥാപിച്ച മെസി കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്നതിന്റെ കൂറ്റൻ ചിത്രം അർജന്റീനിയൻ മാധ്യമമായ മുണ്ടോ ആൽബിസെലെസ്റ്റയും അതിലെ മാധ്യമപ്രവർത്തകനായ റോയ് നെമറും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയുണ്ടായി.
"ഇന്ത്യയിലെ കേരളത്തിൽ മെസി കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്നതിന്റെ കൂറ്റൻ കട്ടൗട്ട് ഉയർന്നപ്പോൾ" എന്ന തലക്കെട്ടോടെയാണ് റോയ് നെമർ ചിത്രം ട്വീറ്റ് ചെയ്തത്. ഇതിനു ലോകമെമ്പാടു നിന്നും മറുപടിയും അഭിന്ദനവും ലഭിക്കുമ്പോൾ കേരളത്തിലെ ആരാധകർ അവക്ക് നന്ദി അറിയിക്കുന്നുമുണ്ട്.
സാധാരണ ലഭിക്കുന്നതിൽ നിന്നും പത്തിരട്ടിയോളം ലൈക്കുകളാണ് റോയ് നെമർ ഇട്ട ചിത്രത്തിനു ലഭിച്ചിരിക്കുന്നതെന്നത് കേരളത്തിലെ ആരാധകരുടെ ശക്തി വ്യക്തമാക്കുന്നു. അടുത്തു തന്നെ ഇതു മെസിയുടെ കാതുകളിലേക്കും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.