Football in Malayalam

പിഎസ്‌ജിയുടെ മത്സരങ്ങളെ നിർവചിക്കാനും നിർണായക സാന്നിധ്യമാകാനും മെസിക്കു കഴിയുന്നുണ്ടെന്ന് ലിയനാർഡോ

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം നടത്താൻ കഴിയാത്തതു കൊണ്ട് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ മെസിയുടെ പ്രകടനത്തെക്കുറിച്ച് എന്തെങ്കിലും സംശയം പ്രകടിപ്പിക്കുന്നവർക്ക് ഫുട്ബോൾ അറിയില്ലെന്നും താരം പിഎസ്‌ജിയിൽ നിർണായക സാന്നിധ്യമായി മാറിയെന്നുമാണ് ക്ലബ് ഡയറക്ടറായ ലിയനാർഡോ പറയുന്നത്.

"എന്നെ സംബന്ധിച്ച് ലയണൽ മെസി അവിതർക്കിതമായ ഒരാളാണ്. നിങ്ങൾ ലയണൽ മെസിയെ സംശയിച്ച് ചർച്ച നടത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് അതിനർത്ഥം. നമുക്കൊരിക്കലും താരത്തെ സംശയിക്കാൻ കഴിയില്ല." കഴിഞ്ഞ ദിവസം യൂറോപ്പ് വണിനോട് സംസാരിക്കുമ്പോൾ ലിയനാർഡോ പറഞ്ഞു.

"മെസിയുടെ കണക്കുകൾ എടുത്തു നോക്കിയാൽ താരത്തിന്റെ ആദ്യത്തെ ആറു മാസങ്ങൾ അവിശ്വസനീയമാണ്. താരവും എംബാപ്പയും ക്ലബിന്റെ ഓരോ ഗോളുകളിലും പങ്കു ചേർന്നിട്ടുണ്ട്. അദ്ദേഹം മത്സരം നിർവചിക്കുകയും അതിൽ നിർണായക സാന്നിധ്യമാവുകയും ചെയ്യുന്നു."

"എല്ലാ സമയത്തും എല്ലാ മത്സരങ്ങളിലും ഷോ നടത്താനാണ് മെസിയെ ഞങ്ങൾ ടീമിലെത്തിച്ചിരിക്കുന്നത്. അദ്ദേഹം ടീമിലുള്ള സമയത്ത് ഞങ്ങൾ കൂടുതൽ മത്സരാത്മകത കാണിക്കുന്നുണ്ട് എന്നതു തീർച്ചയാണ്. ഓരോ മത്സരവും നിർണയിക്കാൻ താരത്തിനു കഴിയുന്നുണ്ട്," ലിയനാർഡോ വ്യക്തമാക്കി.

പന്തു കൈവശമില്ലാത്തപ്പോൾ അതു നേടിയെടുക്കാൻ വേണ്ടി പ്രെസ് ചെയ്യുന്നതിൽ മെസി പുറകിലാണെന്ന വിമർശനവും ഉയരുന്നുണ്ടെങ്കിലും അതിനെയും ലിയനാർഡോ തള്ളിക്കളഞ്ഞു. താരം ഇപ്പോൾ കളിക്കുന്നതു പോലെ തന്നെ ഇനിയും തുടരണം എന്നാണു അദ്ദേഹം ആവശ്യപ്പെടുന്നത്.

"ഓരോ മത്സരത്തിലും മെസി പന്ത്രണ്ടു കിലോമീറ്റർ ഓടണമെന്ന് ആരാണു പറഞ്ഞത്. ഇരുപതു വർഷത്തോളമായി ഈ രീതിയിൽ തന്നെയാണ് താരം കളിക്കുന്നത്. മറ്റു താരങ്ങൾ കൂടെയുള്ള സമയത്താണ് അതിൽ മാറ്റം വരുന്നത്. ഒരു ജീനിയസ് ആയതിനാൽ തന്നെ മെസിക്ക് പെട്ടന്നു പൊരുത്തപ്പെടാൻ കഴിയും. ഞങ്ങളുടെ കൂടെയുള്ള മറ്റു ജീനിയസുകൾ അദ്ദേഹവുമായും പൊരുത്തപ്പെടും." ലിയനാർഡോ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit