FC Barcelona News

കരിയർ അവസാനിപ്പിക്കുന്നത് ഏതു ക്ലബിനൊപ്പമാണെന്ന കാര്യത്തിൽ തീരുമാനമെടുത്ത് ലയണൽ മെസി

Sreejith N
Valencia CF v FC Barcelona - La Liga Santander
Valencia CF v FC Barcelona - La Liga Santander / Aitor Alcalde Colomer/Getty Images
facebooktwitterreddit

ബാഴ്‌സലോണ നായകനായ ലയണൽ മെസിയുടെ ഭാവിയെ സംബന്ധിച്ച ആശങ്കയിലാണ് താരത്തിന്റെ ആരാധകർ. ഈ സീസണോടെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കുന്ന താരം അതു പുതുക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതുവരെയും അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരവും ക്ലബും നേതൃത്വവും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോഴും.

അതേസമയം ബാഴ്‌സലോണയിൽ തന്നെ തുടർന്നാലും മെസി കരിയർ കാറ്റാലൻ ക്ലബിനൊപ്പം അവസാനിപ്പിക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശക്തമാകുന്നത്. കാറ്റാലൻ മാധ്യമമായ ഇസ്‌പോർട് 3യുടെ ജേർണലിസ്റ്റായ സാവി കാമ്പോസ് പറയുന്നതു പ്രകാരം ബാഴ്‌സലോണ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടയിൽ രണ്ടു വർഷം കൂടി ക്ലബിനൊപ്പം തുടരാനും അതിനു ശേഷം സ്പെയിൻ വിടാനുമാണ് തന്റെ പദ്ധതിയെന്നാണ് മെസി വെളിപ്പെടുത്തിയിരിക്കുന്നത്.

മെസി തന്റെ കരിയർ അവസാനിപ്പിക്കുക മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബെക്കാമിന്റെ ഉടമസ്ഥതയിലള്ള അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം മിയാമിയിൽ അഞ്ചു മില്യൺ പൗണ്ട് മുടക്കി ഒരു ആഡംബര വസതി മെസി ഇതിന്റെ മുന്നൊരുക്കമെന്ന നിലയിൽ സ്വന്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ ലീഗിൽ കളിക്കാനുള്ള താൽപര്യം നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള മെസി തന്റെ ബാല്യകാല ക്ലബായ ന്യൂവെൽ ഓൾഡ് ബോയ്‌സിലായിരിക്കില്ല കരിയർ അവസാനിപ്പിക്കുകയെന്നതിന്റെ ശക്തമായ സൂചനകളാണ് ഈ റിപ്പോർട്ടുകൾ നൽകുന്നത്. അതേസമയം മുപ്പത്തിനാലുകാരനായ മെസി ഇപ്പോഴും തകർപ്പൻ ഫോമിലാണ് തുടരുന്നത്. ഈ സീസണിലിതു വരെ 36 ഗോളുകളും പതിനൊന്ന് അസിസ്റ്റുകളുമാണ് താരം ബാഴ്‌സക്ക് വേണ്ടി സ്വന്തമാക്കിയിരിക്കുന്നത്.

facebooktwitterreddit