ഈ സീസണു ശേഷം പിഎസ്‌ജിയിൽ തന്നെ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമെടുത്ത് ലയണൽ മെസി

Sreejith N
Paris Saint Germain v AS Saint-Etienne - Ligue 1 Uber Eats
Paris Saint Germain v AS Saint-Etienne - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും അപ്രതീക്ഷിതമായി വിട പറഞ്ഞ് പിഎസ്‌ജിയിലേക്ക് ചേക്കേറേണ്ടി വന്ന ലയണൽ മെസിക്ക് ഈ സീസൺ അത്ര സുഖകരമാണെന്ന് പറയാൻ കഴിയില്ല. പാരീസിലെ ജീവിതവുമായും ഫ്രഞ്ച് ലീഗിന്റെ ശൈലിയുമായും പെട്ടന്ന് പൊരുത്തപ്പെടാൻ കഴിയാതിരുന്ന താരത്തിന് ഈ സീസണിൽ തന്റെ പ്രതിഭ പൂർണമായും പുറത്തെടുക്കാനായിട്ടില്ല. അതിനാൽ താരം പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങളും ഉയർന്നു വന്നിരുന്നു.

എന്നാൽ ഈ സീസണു ശേഷവും പിഎസ്‌ജിയിൽ തന്നെ തുടരാൻ ലയണൽ മെസി തീരുമാനം എടുത്തുവെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡീപോർടീവോ റിപ്പോർട്ടു ചെയ്യുന്നത്. പിഎസ്‌ജിയുമായി രണ്ടു വർഷത്തെ കരാറുള്ള താരം അതു വരെ ക്ലബിനൊപ്പം തന്നെ തുടരുമെന്നും അതിനു ശേഷം കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കാനുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കണോ എന്നു മെസി തീരുമാനിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പിഎസ്‌ജിക്കൊപ്പമുള്ള ആദ്യ മാസങ്ങളിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച മെസി ഇപ്പോൾ ടീമുമായി ഇണങ്ങിച്ചേർന്നു വരുന്നുണ്ട്. ക്ലബിനൊപ്പമുള്ള അവസാനത്തെ അഞ്ചു കളികളിൽ നിന്നും ഒരു ഗോൾ മാത്രമേ താരം നേടിയുള്ളൂ എങ്കിലും അഞ്ച് അസിസ്റ്റുകൾ മെസി സ്വന്തമാക്കിയിട്ടുണ്ട്. കോവിഡിൽ നിന്നും മുക്തനായി തിരിച്ചു വന്നതിനു ശേഷമാണ് മെസിയുടെ ഫോമിൽ പ്രകടമായ മാറ്റം കാണുന്നത്.

നെയ്‌മർ, ഡി മരിയ, പരഡെസ്, വെറാറ്റി തുടങ്ങിയ അടുത്ത സുഹൃത്തുക്കൾ പിഎസ്‌ജിയിൽ ഉള്ളത് മെസിക്ക് വളരെയധികം ആശ്വാസം നൽകുന്നുണ്ട്. പിഎസ്‌ജി വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയാൽ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുക മെസിക്ക് എളുപ്പമാകില്ല. എംബാപ്പയുമായി താരം കളിക്കളത്തിൽ കൂടുതൽ ഒത്തിണക്കം പുലർത്തുന്നുണ്ട് എന്നതിനാൽ സീസണിൽ പിഎസ്‌ജിയുടെ കിരീടപ്രതീക്ഷകളും സജീവമായിട്ടുണ്ട്.

റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു പെനാൽറ്റി നഷ്‌ടമാക്കിയത് നിരാശയാണെങ്കിലും പിഎസ്‌ജി നടത്തിയ മികച്ച പ്രകടനം മെസിക്ക് ആവേശം നൽകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സീസൺ അവസാനിച്ചതിനു ശേഷം മെസിയുടെ കരാർ ഒരു വർഷം കൂടി നീട്ടുന്നതിനെ കുറിച്ച് ചർച്ച നടത്താൻ പിഎസ്‌ജിക്ക് താൽപര്യമുണ്ടെങ്കിലും താരം അതിനെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit