മെസിക്ക് അടുത്ത മത്സരവും നഷ്ടമാകും, എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ താരം ടീമിലേക്ക് തിരിച്ചെത്തുമെന്ന് സൂചന

ഇടത് കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്ത പി എസ് ജി സൂപ്പർ താരം ലയണൽ മെസിക്ക് ഞായറാഴ്ച മോണ്ട്പെല്ലിയറിനെതിരെ നടക്കാനിരിക്കുന്ന ലീഗ് വൺ മത്സരം നഷ്ടമാകും. നേരത്തെ ഇതേ പരിക്കിനെത്തുടർന്ന് മെറ്റ്സിനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നില്ല. ഒരു മത്സരത്തിൽക്കൂടി താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നത് ഫ്രഞ്ച് ക്ലബ്ബിന് നൽകുന്ന തലവേദന ചെറുതല്ല.
മെസി തന്റെ ചികിത്സാപ്രോട്ടോക്കോൾ അനുസരിച്ച് ഓടാൻ തുടങ്ങിയെന്ന് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പി എസ് ജി കുറിച്ചത് അദ്ദേഹം പരിക്കിൽ നിന്ന് അതിവേഗം സുഖപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. അതേ സമയം മോണ്ട്പെല്ലിയറിനെതിരായ മത്സരം നഷ്ടമാകുന്ന അർജന്റൈൻ താരം ഈ മാസം 29 ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജി നിരയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകൾ.
PSG confirm Lionel Messi has been ruled out of their game vs. Montpellier on Saturday pic.twitter.com/IbaxJUKYv9
— B/R Football (@brfootball) September 24, 2021
ഞായറാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പി എസ് ജി പരിശീലകൻ മൗറീസിയോ പൊച്ചട്ടീനോയും മെസിയുടെ ഫിറ്റ്നസിനെക്കുറിച്ച് മനസ് തുറന്നു. തങ്ങൾ മെസിയുടെ ഫിറ്റ്നസ് വിലയിരുത്താൻ പോവുകയാണെന്നും, അദ്ദേഹത്തിന്റെ ഫിറ്റ്നസ് അതിവേഗം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടിയ പൊച്ചട്ടീനോ, ഞായറാഴ്ച നടക്കാനിരിക്കുന്ന മെസിയുടെ ഫിറ്റ്നസ് പരിശോധനക്ക് ശേഷം ശുഭകരമായ ഒരു അപ്ഡേറ്റ് നൽകാൻ കഴിയുമെന്ന വിശ്വാസവും പങ്കു വെച്ചു.
"പത്രസമ്മേളനത്തിന് മുൻപ് പുറത്ത് വന്ന മെഡിക്കൽ അപ്ഡേറ്റിൽ നിങ്ങൾ കണ്ടതു പോലെ, ഞങ്ങൾ അദ്ദേഹത്തെ (താരത്തിന്റെ ഫിറ്റ്നസ്) വിലയിരുത്താൻ പോവുകയാണ്. അദ്ദേഹം മെച്ചപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു. ഞായറാഴ്ച ഒരു പോസിറ്റീവ് അപ്ഡേറ്റ് നൽകാൻ ഞങ്ങൾക്ക് കഴിയും. എല്ലാം വളരെ നന്നായി നടക്കുമെന്നും അദ്ദേഹം വീണ്ടും മത്സരങ്ങൾക്ക് ലഭ്യമാകുമെന്നും ഞങ്ങൾ കരുതുന്നു."പൊച്ചട്ടീനോ പറഞ്ഞു നിർത്തി.
""ലയണൽ മെസിക്ക് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു." "
- മൗറീസിയോ പൊച്ചട്ടീനോ