Football in Malayalam

ലയണൽ മെസി പിഎസ്‌ജിയിൽ കൂടുതൽ മെച്ചപ്പെട്ടു വരികയാണെന്ന് മുൻ ഫ്രാൻസ് പരിശീലകൻ റെയ്‌മണ്ട് ഡൊമെനിക്ക്

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി തന്റെ പ്രതിഭയുടെ അടുത്തു പോലുമെത്തുന്ന പ്രകടനം കാഴ്‌ച വെക്കുന്നില്ലെന്ന വിമർശനം പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. ലീഗിൽ താരം നടത്തുന്ന മോശം പ്രകടനവും വമ്പൻ മുന്നേറ്റനിര ഉണ്ടായിട്ടും പിഎസ്‌ജി മത്സരങ്ങളിൽ ആധിപത്യം പുലർത്തുന്നില്ല എന്നതുമെല്ലാം വിമർശനങ്ങൾക്ക് കാരണമാവുന്ന ഘടകങ്ങളാണ്.

എന്നാൽ മുൻ ഫ്രാൻസ് പരിശീലകനായ റെയ്‌മണ്ട് ഡൊമെനിക്ക് പറയുന്നത് മെസി പിഎസ്‌ജിയിൽ എത്തിയതിനു ശേഷം പല തരത്തിലും മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ്. പിഎസ്‌ജിയിൽ പോച്ചട്ടിനോ നടപ്പിലാക്കുന്ന കേളീശൈലിക്കായി കൂടുതൽ ക്രിയാത്മകമായി കളിക്കുന്ന താരം ഫ്രഞ്ച് ക്ലബിനൊപ്പം ഇതിലും മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നു തന്നെയാണ് ഡൊമിനിക്ക് ഉറച്ചു വിശ്വസിക്കുന്നത്.

"യഥാർത്ഥ മെസി, അതൊന്നും അർത്ഥമാക്കുന്നില്ല. ഒരു സമയത്തൊരു മെസി ഉണ്ടായിരുന്നു, ഇപ്പോഴത്തെ മെസിയുമുണ്ട്. താരത്തിന്റെ ചാമ്പ്യൻഷിപ്പ് ഗെയിമുകളുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹം മെച്ചപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു. താരം കൂടുതൽ സജീവമായി നിൽക്കുന്നു, കൂടുതൽ ഓടുന്നു, സാങ്കേതികമായ ആംഗ്യങ്ങൾ ചെയ്യുന്നു, എല്ലാവരെയും മറികടന്നു പോകുന്നു, ഗോൾ നേടുന്നു."

"മെസിയിൽ നിന്നും നമ്മൾ ഏതാണ് പ്രതീക്ഷിക്കുന്നത് എന്നതല്ല ചോദ്യം. മറിച്ച് ഇന്നദ്ദേഹം പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്നതാണ്. അതെ, രണ്ടാഴ്‌ച മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ താരം മെച്ചപ്പെട്ടിട്ടുണ്ട്," ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെക്ക് നൽകിയ അഭിമുഖത്തിൽ ഡൊമിനിക്ക് പറഞ്ഞു.

തുടക്കത്തിലേ പതർച്ചക്കു ശേഷം മെസി ഫ്രഞ്ച് ക്ലബിൽ താളം കണ്ടെത്തി തുടങ്ങിയതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരട്ടഗോളുകൾ നേടി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചു ഗോളുകൾ സ്വന്തമാക്കിയ താരത്തിനു ലീഗിലാണ് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലാത്തത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit