Football in Malayalam

മെസി പുതിയ ബാഴ്‌സലോണ കരാർ അംഗീകരിച്ചു, കരാറിൽ ഭേദഗതികളുണ്ടെന്നു സൂചന

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

മെസി ബാഴ്‌സലോണയിൽ തുടരുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായതായി സൂചനകൾ. ബാഴ്‌സലോണ മുന്നോട്ടു വെച്ച കരാർ പുതുക്കാനുള്ള ഓഫർ താരം അംഗീകരിച്ചിട്ടുണ്ടെന്നു മാധ്യമപ്രവർത്തകനായ മിഗ്വൽ റിക്കോ റിപ്പോർട്ടു ചെയ്യുന്നു. നിലവിൽ അർജന്റീനയിലുള്ള താരം ഇക്കാര്യം ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ടയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജൂൺ മാസത്തോടെ ബാഴ്‌സലോണയുമായി മെസിയുടെ കരാർ അവസാനിക്കാനിരിക്കെ അതു പുതുക്കുന്ന കാര്യത്തിൽ താരം തീരുമാനമെടുക്കാത്തത് ആരാധകർക്ക് ആശങ്ക സമ്മാനിച്ചിരുന്നു. ഇതിനിടയിൽ ബാഴ്‌സലോണയുടെ വേതന ബില്ലുകളിൽ മാറ്റം വരുത്തിയാലേ മെസിയുടെ കരാർ പുതുക്കാൻ കഴിയൂവെന്ന് ലാ ലിഗ പ്രസിഡന്റ് ടെബാസ് കഴിഞ്ഞ ദിവസം അറിയിച്ചത് ആശങ്കകൾ വർധിക്കാൻ കാരണമാവുകയും ചെയ്‌തു.

സാമ്പത്തിക സാഹചര്യങ്ങളെ മറികടക്കാൻ മുൻപ് റിപ്പോർട്ടു ചെയ്യപ്പെട്ട കരാറിൽ ബാഴ്‌സ ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ രണ്ടു വർഷത്തെ കരാറാണ് താരത്തിന് വാഗ്‌ദാനം ചെയ്‌തതെങ്കിലും നിലവിൽ അത് ഒരു വർഷത്തേക്കു മാത്രമാണ് പ്രഖ്യാപിക്കുക. അടുത്ത സീസൺ അവസാനിക്കുന്നതോടെ ഒരു വർഷത്തേക്ക് കൂടി കരാർ വീണ്ടും പുതുക്കപ്പെടുകയും ചെയ്യും.

ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് മെസിക്ക് താൽപര്യമെങ്കിലും അടുത്ത സീസണിൽ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ടിച്ച് മികച്ചൊരു സ്പോർട്ടിങ് പ്രൊജക്റ്റും വേണമെന്നതു കൊണ്ടാണ് താരം കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനം വൈകിച്ചത്. അടുത്ത സീസണിലേക്കായി നിലവിൽ നാല് താരങ്ങളെ ടീമിലെത്തിച്ച ബാഴ്‌സ ഇനിയും മൂന്നോ നാലോ താരങ്ങളെ കൂടി സ്വന്തമാകുമെന്ന് ലപോർട്ട അറിയിച്ചത് മെസിയെ നിലനിർത്താനുള്ള പദ്ധതികൾക്ക് ഊർജ്ജം ലഭിക്കാൻ കൂടി വേണ്ടിയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit