Football in Malayalam

വികാരനിർഭരം, കണ്ണീരോടെ ബാഴ്‌സലോണയോടു വിടപറഞ്ഞ് ലയണൽ മെസി

Sreejith N
Lionel Messi of Barcelona Press Conference
Lionel Messi of Barcelona Press Conference / Eric Alonso/Getty Images
facebooktwitterreddit

വികാരനിർഭരമായ ബാഴ്‌സലോണ ക്ലബിനോടു വിടപറഞ്ഞ് ലയണൽ മെസി. താരത്തെ നിലനിർത്താൻ കഴിയില്ലെന്ന് ബാഴ്‌സലോണ ദിവസങ്ങൾക്കു മുൻപ് വ്യക്തമാക്കിയതിനെ തുടർന്ന് ക്ലബ് വിടാനൊരുങ്ങുന്ന താരം ഇന്ന് ബാഴ്‌സലോണയിൽ നടത്തിയ പ്രസ് മീറ്റിലാണ് ഇരുപത്തിയൊന്നു വർഷത്തോളമായി താൻ തുടർന്നു പോയിരുന്ന ക്ലബിനോട് യാത്രാമൊഴി ചൊല്ലിയത്. തുടക്കത്തിൽ തന്നെ കണ്ണീർ മൂലം മെസിക്ക് വാക്കുകൾ നഷ്‌ടമായത്‌ പ്രസ് മീറ്റ് കണ്ട ആരാധകർക്കും നൊമ്പരമായി.

"ബാഴ്‌സലോണയിൽ തുടരാൻ കഴിയുമെന്ന് എനിക്ക് ഉറപ്പു ലഭിച്ചതായിരുന്നു. ഇതെന്റെ വീടാണ്. എനിക്ക് ബാഴ്‌സലോണയിൽ തുടരാനായിരുന്നു ആഗ്രഹം, അതായിരുന്നു പദ്ധതിയും. എന്നാൽ ഇന്നു ഞാൻ എന്റെ ജീവിതകാലം മുഴുവൻ ചിലവഴിച്ച ക്ലബിനോട് യാത്ര പറയുകയാണ്." മെസി പറഞ്ഞു.

"എന്റെ പുതിയ കോൺട്രാക്‌ട് പൂർത്തിയായതായിരുന്നു, എല്ലാം പൂർത്തിയായിരുന്നു. എനിക്ക് ക്ലബിനൊപ്പം തുടരണമായിരുന്നു. ഒഴിവുദിവസങ്ങൾ തിരിച്ചെത്തിയ സമയത്ത് കരാർ പൂർത്തിയായിരുന്നു. അതിനു ശേഷമാണ് ലപോർട്ട എല്ലാം വിശദീകരിച്ചത്. അവസാന നിമിഷത്തിൽ. ലാ ലീഗയുമായുള്ള പ്രശ്‌നങ്ങളെല്ലാം. അതൊരിക്കലും സംഭവിക്കരുതായിരുന്നു."

"അതെ, പിഎസ്‌ജി ഒരു സാധ്യതയാണ്. എന്നാൽ നിലവിൽ ഒന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബാഴ്‌സലോണയുടെ പ്രസ്‌താവനക്കു പിന്നാലെ നിരവധി അന്വേഷണങ്ങൾ എനിക്ക് ലഭിച്ചിരുന്നു. ഞങ്ങൾ അക്കാര്യങ്ങൾ ചർച്ച ചെയ്‌തു കൊണ്ടിരിക്കയാണ്."

"എനിക്ക് ക്ലബ് വിടാൻ യാതൊരു ആഗ്രഹവും ഇല്ലാത്തതു കൊണ്ടു തന്നെ ഞാൻ വളരെയധികം ദുഖിതനാണ്. ഞാൻ ബാഴ്‌സലോണയെ സ്നേഹിക്കുന്നു, എനിക്ക് ക്ലബിനൊപ്പം തുടരണമായിരുന്നു, എന്റെ കരാർ തയ്യാറായിരുന്നു. ക്ലബിൽ തുടരാൻ സാധ്യമായതെല്ലാം ഞാൻ ചെയ്‌തു."

"ബാഴ്‌സലോണയുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ക്ലബുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഞാൻ തൃപ്തനാണ്. ഞങ്ങൾ കരാറിലും എത്തിയിരുന്നു. ബാഴ്‌സലോണയിൽ തുടരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്‌തു. എന്നാൽ ലാ ലിഗ നിയമങ്ങൾ പ്രകാരം അതു സാധ്യമല്ല."

"പിഎസ്‌ജി താരങ്ങൾക്കൊപ്പമുള്ള ചിത്രം തീർച്ചയായും യാദൃശ്ചികമായി സംഭവിച്ചതു മാത്രമാണ്. ഞാനെന്റെ സുഹൃത്തുക്കൾക്കൊപ്പം അവിടെയുണ്ടായിരുന്നു, ഒരുമിച്ച് ചിത്രം എടുക്കുകയും ചെയ്‌തു. അവരെന്നോട് 'പാരിസിലേക്ക് വരൂ' എന്നു പറഞ്ഞിരുന്നെങ്കിലും അത് ഒഴിവു ദിവസങ്ങളിലെ ഒരു തമാശ മാത്രമായിരുന്നു.

"ബാഴ്‌സലോണയും ലപോർട്ടയും എന്നോട് മുപ്പതു ശതമാനം പ്രതിഫലം കൂടി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന തരത്തിൽ വ്യാഴാഴ്‌ച വന്ന വാർത്തകളെല്ലാം വ്യാജമാണ്. അത് നുണയാണ്. ഞാനെന്റെ കരാർ അമ്പതു ശതമാനം കുറക്കാമെന്ന് പറഞ്ഞിരുന്നു. അതിനു ശേഷം അവർ ഒന്നും എന്നോട് ആവശ്യപ്പെട്ടിട്ടില്ല."


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit