Football in Malayalam

മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് അവസാനമാകുന്നു; താരം ഈയാഴ്ച പുതിയ കരാറിൽ ഒപ്പുവെച്ചേക്കും

By Gokul Manthara
FBL-EUR-C1-BARCELONA-NAPOLI
FBL-EUR-C1-BARCELONA-NAPOLI / LLUIS GENE/Getty Images
facebooktwitterreddit

ലയണൽ മെസി ഈയാഴ്ച അവസാനത്തോടെ എഫ് സി ബാഴ്സലോണയുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന് റിപോർട്ടുകൾ. കോപ്പ അമേരിക്കക്ക് ശേഷമുള്ള അവധിക്കാലം കഴിഞ്ഞ് ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയെങ്കിലും ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കാത്തതിനാൽ ഇതു വരെയും ക്ലബിനൊപ്പം മെസി പരിശീലനവും പുനരാരംഭിച്ചിട്ടില്ല.‌ കരാറിൽ ഒപ്പുവെക്കാതെ‌ മെസി ബാഴ്സലോണക്കൊപ്പം പ്രീസീസൺ പരിശീലനത്തിലേർപ്പെടില്ല എന്ന കാര്യം ഉറപ്പായിരിക്കെയാണ് ഈയാഴ്ച തന്നെ താരം ബാഴ്സലോണയുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന റിപോർട്ടുകൾ പുറത്ത് വരുന്നത്.

പുതിയ കരാറിൽ ഒപ്പുവെച്ച് ഔദ്യോഗികമായി വീ‌ണ്ടും ബാഴ്സലോണ താരമാകുന്ന മെസി ഈ മാസം ഒൻപതാം തീയതി യുവന്റസിനെതിരെ നടക്കാനിരിക്കുന്ന ജൊവാൻ ഗാമ്പർ ട്രോഫി മത്സരത്തിൽ കളിച്ച് ക്ലബ്ബിലെ തന്റെ അടുത്ത യുഗത്തിന് തുടക്കമിട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്. ബാഴ്സലോണയുടെ പരിശീലന ഗ്രൗണ്ടായ യൊഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി പരമ്പരാഗതമായ ക്യാപ്റ്റന്റെ പ്രീസീസൺ പ്രസംഗവും അദ്ദേഹം നടത്താനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്.

ജൂൺ അവസാനത്തോടെ ബാഴ്സലോണയുമായുണ്ടായിരുന്ന കരാർ അവസാനിച്ച മെസി ക്ലബ്ബുമായി അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിക്കഴിഞ്ഞെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ക്ലബ്ബിന്റെ ഇപ്പോളത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിൽ പുതിയ കരാറിൽ തന്റെ 50 ശതമാനം പ്രതിഫലം കുറക്കാനും മെസി സമ്മതിച്ചിട്ടുണ്ട്.

അതേ സമയം, സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിരുന്ന ബാഴ്‌സലോണക്ക് വലിയ ആശ്വാസം പകർന്നാണ് തങ്ങളുടെ 10 ശതമാനം ഓഹരികൾ ലക്സംബർഗ് ആസ്ഥാനമായുള്ള സിവിസി ക്യാപിറ്റൽസിന് വിൽക്കാനുള്ള ലാ ലീഗയുടെ തീരുമാനം വന്നത്. ഈ നീക്കത്തിൽ ബാഴ്സലോണക്ക് തങ്ങളുടെ ഓഹരിയായി 230 മില്ല്യൺ പൗണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ക്ലബിന്റെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തിയെന്നും, ലാ ലീഗ നിയമങ്ങൾ തെറ്റിക്കാതെ തന്നെ മെസ്സിക്ക് പുതിയ കരാർ നൽകാനും സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit