Football in Malayalam

ലീഗ് വൺ ടീം ഓഫ് ദി സീസണിൽ മെസിയില്ല, പിഎസ്‌ജിയിൽ നിന്നുമുള്ളത് നാലു താരങ്ങൾ

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

ഈ സീസണിൽ ഇതുവരെ നടത്തിയ പ്രകടനം അടിസ്ഥാനമാക്കി ലീഗ് വണിലെ മികച്ച ടീമിനെ പ്രഖ്യാപിച്ചപ്പോൾ പിഎസ്‌ജി സൂപ്പർതാരം ലയണൽ മെസി പുറത്ത്. പിഎസ്‌ജിയിൽ നിന്നും നാലു താരങ്ങളും മാഴ്‌സയിൽ നിന്നും മൂന്നു താരങ്ങളും ഉൾപ്പെട്ട ടീമിൽ മെസിക്കു പുറമെ മറ്റൊരു പിഎസ്‌ജി സൂപ്പർതാരമായ നെയ്‌മർക്കും ഇടം നേടാൻ കഴിഞ്ഞിട്ടില്ല.

പ്രമുഖ ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് വെബ്‌സൈറ്റായ സിഐഇഎസ് ഫുട്ബോൾ ഒബ്സെർവേറ്ററി കൃത്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയും ലീഗ് വണിൽ തൊണ്ണൂറു മിനുട്ടിലധികം കളിച്ച താരങ്ങളിൽ നിന്നുമാണ് ഈ ഇലവനെ തിരഞ്ഞെടുത്തത്. മെസിയും നെയ്‌മറും ഒഴിവാക്കപ്പെട്ടപ്പോൾ ആഴ്‌സണലിൽ ഇടമില്ലാത്തതിനാൽ ലോണിൽ മാഴ്‌സയിലേക്ക് ചേക്കേറിയ വില്യം സാലീബ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

മോണ്ട്പെല്ലിയർ താരമായ യോനാസ് ഓംലിനാണ് ടീമിൽ ഗോളിയായി ഇടം പിടിച്ചിരിക്കുന്നത്. 3-1-4-1-1 ശൈലിയിലുള്ള ടീമിന്റെ പ്രതിരോധത്തിൽ സാലിബക്കു പുറമെ പിഎസ്‌ജിയുടെ പ്രെസ്‌നൽ കിംപെംബെ, റെന്നെസിന്റെ നയേഫ് അഗ്വേർഡ് എന്നിവരാണുള്ളത്. മധ്യനിരയിൽ മാഴ്‌സ താരം അബൂബക്കർ കമാറ, ലെൻസിന്റെ സെക്കോ ഫൊഫാന, പിഎസ്‌ജിയുടെ ഇഡ്രിസ ഗുയെ എന്നിവരും ഇടം നേടിയിരിക്കുന്നു.

ടീമിലെ രണ്ടു വിങ് ബാക്കുകളായി പിഎസ്‌ജി താരം അഷ്‌റഫ് ഹക്കിമിയും ബ്രെസ്റ്റിന്റെ താരമായ റൊമെയ്ൻ ഫാവ്റേയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുന്നേറ്റനിരയിൽ സെക്കൻഡ് സ്‌ട്രൈക്കർ പൊസിഷനിൽ മാഴ്‌സയുടെ ദിമിത്രി പയറ്റ് കളിക്കുമ്പോൾ അതിനു മുൻപിലായി പ്രധാന സ്‌ട്രൈക്കറായി കിലിയൻ എംബാപ്പയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ബാഴ്‌സലോണയിൽ നിന്നും ഈ സമ്മറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് ഫ്രഞ്ച് ക്ലബ്ബിനൊപ്പം തന്റെ പ്രതിഭ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ തന്നെ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിൽ ആശ്ചര്യമൊന്നുമില്ല. അതേസമയം നിരന്തരമായ പരിക്കുകൾ മൂലം നിരവധി മത്സരങ്ങൾ നഷ്ടപ്പെട്ടതാണ് നെയ്‌മർ ടീമിന്റെ ഭാഗമാകാതിരിക്കാൻ കാരണം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit