Football in Malayalam

അഗ്യൂറോയുടെ വിരമിക്കലില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ലയണല്‍ മെസ്സി

Haroon Rasheed
Sergio Aguero of Barcelona Press Conference
Sergio Aguero of Barcelona Press Conference / Quality Sport Images/GettyImages
facebooktwitterreddit

ഫുട്‌ബോള്‍ ലോകത്തെ ദുഖത്തിലാഴ്ത്തി ഇന്ന് വൈകിട്ടായിരുന്നു അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഹൃദയ സംബന്ധമായ കാരണങ്ങള്‍ കൊണ്ടായിരുന്നു 33കാരനായ അഗ്യൂറോ ഇത്രയും പെട്ടെന്ന് ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. താരം വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ അഗ്യൂറോക്കൊപ്പം കളിച്ച താരങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തിന് ധൈര്യം പകര്‍ന്നും മറ്റും സോഷ്യല്‍ മീഡിയകളില്‍ പല പോസ്റ്റുകളും ചെയ്തിരുന്നു.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ത നേടിയിരിക്കുകയാണ് അര്‍ജന്റീനന്‍ ടീമിലെ അഗ്യൂറോയുടെ സഹതാരമായിരുന്ന ലയണല്‍ മെസ്സിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലാണ് മെസ്സി കുറിപ്പ് പങ്കുവെച്ചത്. "കുന്‍ നിനക്കൊപ്പമുള്ള കരിയര്‍.... നമ്മുടെ കരിയര്‍ നമ്മെ ഒരുമിപ്പിക്കുകയും അതിലുപരി നമ്മളെ മികച്ച സുഹൃത്തുക്കളാക്കുകയും ചെയ്തു.

"ഈ അടുത്ത് കോപാ അമേരിക്ക കിരീടം നീ ഉയര്‍ത്തിയിട്ടുണ്ട്, ഇംഗ്ലണ്ടില്‍ നീ എല്ലാം നേടിയിട്ടുണ്ട്. ഇപ്പോള്‍ ആ സത്യം കേള്‍ക്കുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം നിര്‍ത്താന്‍ പോകുന്ന എന്ന കാര്യം കേള്‍ക്കുമ്പോള്‍ വേദന തോന്നുന്നുണ്ട്. നിങ്ങള്‍ സന്തോഷവാനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളെ സ്‌നേഹിക്കുന്നവര്‍ നിങ്ങളോടൊപ്പമുണ്ടാകും. ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ പുതിയൊരു ഘട്ടം ആരംഭിക്കുകയാണ്. നിങ്ങള്‍ ഇതിനെ പുഞ്ചിരിയോടെ നേരിടുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ പുതിയ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു സുഹൃത്തേ.

"സുഹൃത്തേ ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. പിച്ചിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതും ദേശീയ ടീമിനൊപ്പമുള്ള കൂടിച്ചേരലുകളും ഇനി നഷ്ടമാകും അഗ്യൂറോ," മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കളത്തിനകത്തും പുറത്തും ആത്മ സുഹൃത്തുക്കളാണ് മെസ്സിയും അഗ്യൂറോയും. മെസ്സിക്കൊപ്പം ബാഴ്‌സലോണയില്‍ കളിക്കുന്നതിന് വേണ്ടിയായിരുന്നു അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റി വിട്ട് ബാഴ്‌സലോണയിലെത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മെസ്സിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നു. ബാഴ്‌സലോണക്കായി അഞ്ച് മത്സരത്തില്‍ മാത്രമേ അഗ്യൂറോ കളത്തിലിറങ്ങിയിട്ടുള്ളു. ഒരു ഗോളും ബാഴ്‌സക്ക് വേണ്ടി നേടിയിട്ടുണ്ട്.

facebooktwitterreddit