Football in Malayalam

'ഇതു തീർച്ചയായും അർഹതപ്പെട്ടതല്ല' - മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തോട് പ്രതികരിച്ച് ടോണി ക്രൂസ്

Sreejith N
FBL-AWARD-BALLON D'OR-2021
FBL-AWARD-BALLON D'OR-2021 / FRANCK FIFE/GettyImages
facebooktwitterreddit

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസിക്കു നൽകിയ തീരുമാനം ശരിയല്ലെന്ന് റയൽ മാഡ്രിഡിന്റെ ജർമൻ മധ്യനിര താരമായ ടോണി ക്രൂസ്. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞ ദശാബ്‌ദം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണെങ്കിലും ഈ വർഷത്തിൽ അവർക്കു മുകളിലുള്ള സ്ഥാനം അർഹിക്കുന്ന മറ്റു ചില താരങ്ങളുണ്ടെന്നാണ് ക്രൂസ് പറയുന്നത്.

613 പോയിന്റുകൾ നേടിയാണ് മെസി ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്. 580 പോയിന്റുകൾ നേടിയ ലെവൻഡോസ്‌കി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 460 പോയിന്റ് നേടി ജോർജിന്യോ മൂന്നാം സ്ഥാനത്തെത്തി. ക്രൂസിന്റെ അഭിപ്രായത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് മാറ്റമില്ലെങ്കിലും ഒന്നാം സ്ഥാനം മെസി അർഹിക്കുന്നതല്ല.

"ഇത് അർഹിച്ച നേട്ടമല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കഴിഞ്ഞ ദശാബ്‌ദത്തിലെ ഏറ്റവും മികച്ച താരമാണ് മെസി എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഈ വർഷത്തിൽ മറ്റുള്ളവർ താരത്തിനു മുകളിലുണ്ട്," തന്റെ പോഡ്‌കാസ്റ്റിൽ ക്രൂസ് പറഞ്ഞത് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു.

റയൽ മാഡ്രിഡ് സഹതാരമായ കരിം ബെൻസിമയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ അർഹതയുള്ള താരമെന്നാണ് ക്രൂസ് പറയുന്നത്. ലെവൻഡോസ്‌കി, ജോർജിന്യോ എന്നിവരെ പുരസ്‌കാരത്തിന്റെ രണ്ടും മൂന്നും സ്ഥാനങ്ങളിലും ജർമൻ താരം തിരഞ്ഞെടുത്തു.

അതേസമയം വോട്ടിങ് അവസാനിക്കുന്നതു വരെയുള്ള കണക്കുകൾ എടുത്താൽ ഗോൾവേട്ടയിലും കിരീടനേട്ടങ്ങളുടെ എണ്ണത്തിലും ഈ വർഷം മെസിക്ക് പിന്നിലാണ് ബെൻസിമ എന്നതാണ് വിചിത്രമായ കാര്യം. മെസി നാൽപത് ഗോളുകൾ നേടി കോപ്പ അമേരിക്ക, കോപ്പ ഡെൽ റേ കിരീടങ്ങൾ ഈ വർഷം സ്വന്തമാക്കിയപ്പോൾ 35 ഗോളുകൾ നേടിയ ബെൻസിമ യുവേഫ നാഷൻസ് ലീഗ് മാത്രമാണ് നേടിയത്.


facebooktwitterreddit