'ബെഞ്ചിലിരുത്തിയാൽ പരിശീലനത്തിനു വരില്ല' - മെസിക്കുണ്ടായിരുന്ന വിചിത്രമായ സ്വഭാവങ്ങൾ വെളിപ്പെടുത്തി ജൂലിയാർഡ്
By Sreejith N

ബാഴ്‌സലോണയിലെ ആദ്യനാളുകളിൽ മെസിക്കുണ്ടായിരുന്ന വിചിത്രമായ സ്വഭാവങ്ങൾ വെളിപ്പെടുത്തി എഴുത്തുകാരനായ അലക്സാൻഡ്രെ ജൂലിയാർഡ്. 'ഇൻസബ്മെഴ്‌സിബിൾ മെസി' എന്ന പുസ്‌തകം എഴുതിയ അദ്ദേഹം ആർഎംസി സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് ആർക്കും പരിചിതമല്ലാത്ത മെസിയുടെ വ്യത്യസ്‌തമായ സ്വഭാവത്തെപ്പറ്റി പരാമർശിക്കുന്നത്. കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടേറിയ താരമാണ് മെസിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
"കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടേറിയ വ്യക്തിയായിരുന്നു അദ്ദേഹം. മിതഭാഷിയായ താരത്തിന് ആശയവിനിമയത്തിനുള്ള പോരായ്‌മകളും ഉണ്ടായിരുന്നു. താരം നേരിട്ട് ഒന്നും നിങ്ങളോട് പറയില്ല. എന്തെങ്കിലും മെസിയെ അലോസരപ്പെടുത്തിയാൽ അദ്ദേഹം ആരെയെങ്കിലും ഒരു ദൂതനെപ്പോലെ അയച്ച് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യിക്കും."
"ഒരു ദിവസം മെസി ബെഞ്ചിലിരിക്കുകയോ ആരെയെങ്കിലും പകരക്കാരനായി ഇറക്കുകയോ ചെയ്‌താൽ അടുത്ത ദിവസം താരം ട്രെയിനിങ്ങിനുണ്ടാവില്ല. 'എനിക്കവനെ നഷ്ടപ്പെടുമെന്ന്' പെപ് ഗ്വാർഡിയോള പറഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹം കാറെടുത്ത് മെസിയുടെ വീട്ടിൽ പോയി താരത്തോട് സംസാരിക്കും. ഇക്കാലത്ത് അതു കിറുക്കായി തോന്നിയേക്കാം. എന്നാൽ വീട്ടിൽ പോയി സംസാരിച്ച് താരത്തെ ശാന്തനാക്കിയായിരുന്നു അദ്ദേഹം സഹായം ആവശ്യപ്പെട്ടിരുന്നത്," ജൂലിയാർഡ് പറഞ്ഞു.
2008 ഒളിമ്പിക് മത്സരങ്ങളിൽ മെസി പങ്കെടുത്തതിനെക്കുറിച്ചും ജൂലിയാർഡ് പറഞ്ഞു. "മെസിക്ക് ഒളിമ്പിക്‌സിൽ പങ്കെടുക്കണം എന്ന തീർച്ചയുണ്ടായിരുന്നു. ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന സമയമായതു കൊണ്ട് ഇതു ക്ലബിൽ ടെൻഷൻ ഉണ്ടാക്കി. ഗ്വാർഡിയോള താരത്തോട് ഒളിമ്പിക്‌സിൽ പങ്കെടുക്കണമോ എന്നു ചോദിച്ചപ്പോൾ മെസി വേണമെന്നാണ് മറുപടി പറഞ്ഞത്. 'എന്നാൽ ഗെയിംസിൽ പങ്കെടുത്തോളൂ, വരുമ്പോൾ നിന്നെ ഏറ്റവും ഉയരത്തിൽ ആവശ്യമുണ്ട്' എന്നു പെപ് മറുപടിയും നൽകി," ജൂലിയാർഡ് വ്യക്തമാക്കി.