Football in Malayalam

"മെസി കളിക്കുന്നിടത്തോളം കാലം ബാലൺ ഡി ഓറിന് അർഹനാണ്" - ബാഴ്‌സ നായകനെ പ്രശംസിച്ച് മാഡ്രിഡിലെ മാധ്യമം

Sreejith N
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris / Kristy Sparow/Getty Images
facebooktwitterreddit

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമെന്ന തന്റെ പദവി അരക്കെട്ടുറപ്പിച്ചാണ് മെസി അർജന്റീനക്കൊപ്പം ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയത്. ഇതിനു മുൻപ് നാലു ഫൈനലുകളിൽ കാലിടറി വീണ താരത്തിനു നേരെ ദേശീയ ടീമിനു വേണ്ടി കിരീടങ്ങളൊന്നും നേടാത്തതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളെ ഇല്ലാതാക്കാനും ഈ കിരീടനേട്ടം കൊണ്ടു കഴിഞ്ഞിട്ടുണ്ട്.

എതിരാളികളടക്കം പ്രശംസ കൊണ്ടു മൂടാൻ മടി കാണിക്കാത്ത മെസി കോപ്പ അമേരിക്ക കിരീടനേട്ടത്തോടെ ബാലൺ ഡി ഓർ സാധ്യതകളും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ആറു ബാലൺ ഡി ഓർ നേടിയ ഒരേയൊരു താരമെന്ന റെക്കോർഡ് സ്വന്തമായുള്ള മെസി കളിക്കുന്ന കാലം മുഴുവൻ ബാലൺ ഡി ഓർ അർഹിക്കുന്ന താരമാണെന്നാണ് മാഡ്രിഡ് കേന്ദ്രമാക്കിയുള്ള മാധ്യമമായ മാർക്ക കഴിഞ്ഞ ദിവസം അവരുടെ ലേഖനത്തിൽ പരാമർശിച്ചത്.

"മറ്റെല്ലാം മറന്നേക്കുക, ബാലൺ ഡി ഓർ മെസിയുടേതാണ്. മെസി ഫുട്ബോൾ ലോകത്തിന്റെ ഉന്നതികളിൽ തുടർന്നു കളിക്കുന്നിടത്തോളം കാലം മറ്റൊരു താരവും ബാലൺ ഡി ഓർ നേടാൻ കഴിയില്ല. മെസി അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച താരമാണ്, ഒരുപക്ഷെ ചരിത്രത്തിലെ തന്നെയും." മാർക്ക എഴുതി.

"അഞ്ചു ബാലൺ ഡി ഓർ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസിയുടെ ആറു പുരസ്‌കാരനേട്ടങ്ങളുടെ തൊട്ടടുത്താണെന്നത് അർജന്റീനിയൻ താരത്തോടുള്ള അനീതിയാണ്. മെസി അദ്ദേഹത്തിന്റെ തലമുറയിലെയും ചരിത്രത്തിലേയും ഏറ്റവും മികച്ച താരമെന്നതിൽ വളരെ അകലെ നിൽക്കുന്നു." മാർക്ക കൂട്ടിച്ചേർത്തു.

ബാഴ്‌സയും മെസിയും പൂർണമായി ഫോം കണ്ടെത്താൻ പതറിയ കഴിഞ്ഞ സീസണിൽ മാത്രം 39 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കിയ അർജന്റീന താരത്തിന് റൊണാൾഡോയെക്കാൾ മേധാവിത്വം ഉണ്ടെന്നു വ്യക്തമാക്കിയാണ് ലേഖനം അവസാനിക്കുന്നത്. ഈ വർഷം ഏഴാമത്തെയും അതിനു പിന്നാലെ എട്ടാമത്തെയും ഒമ്പതാമത്തെയും ബാലൺ ഡി ഓർ മെസിക്കു നൽകണമെന്നും മാർക്ക പറയുന്നു.


facebooktwitterreddit