Football in Malayalam

അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്കു നയിച്ച മെസി ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് ഇറ്റാലിയൻ ഇതിഹാസം കന്നവാരോ

Sreejith N
FIFA Ballon d'Or Press Conference
FIFA Ballon d'Or Press Conference / Pascal Le Segretain/Getty Images
facebooktwitterreddit

ഇരുപത്തിയെട്ടു വർഷത്തിനു ശേഷം അർജന്റീനയെ ഒരു കിരീടനേട്ടത്തിലേക്കു മുന്നിൽ നിന്നു നയിച്ച അർജന്റീന നായകൻ ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓർ കിരീടം അർഹിക്കുന്നുണ്ടെന്ന് ഇറ്റലിയുടെ ഇതിഹാസ താരവും 2006ലെ ബാലൺ ഡി ഓർ ജേതാവുമായ ഫാബിയോ കന്നവാരോ. യൂറോ കിരീടം നേടിയ ഇറ്റലിയിലെ മികച്ച താരം ഗോൾകീപ്പറായ ഡോണറുമ്മയാണെന്നും കന്നവാരോ വ്യക്തമാക്കി.

"മെസിയാണ് നമ്പർ വൺ താരമെന്നത് സംശയരഹിതമായ കാര്യമാണ്. മികച്ച രീതിയിൽ അവസാനിച്ച കോപ്പ അമേരിക്കയിലെ പ്രധാനപ്പെട്ട കളിക്കാരനും അദ്ദേഹം തന്നെ." മെസിയുടെ ബാലൺ ഡി ഓർ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ 2006ലെ ലോകകിരീടം നേടിയ കന്നവാരോ പറഞ്ഞു.

ഇറ്റലിക്കൊപ്പം യൂറോ കപ്പും ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടിയ ജോർജിന്യോ ബാലൺ ഡി ഓറിനു പരിഗണിക്കപ്പെടുന്ന മറ്റൊരു താരമാണെങ്കിലും ഇറ്റാലിയൻ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ഡോണറുമ്മായാണെന്നാണ് കന്നവാരോ പറയുന്നത്. "നിലവിലെ അസൂറികളുടെ നിരയിൽ ഏറ്റവും മികച്ച താരം ഡോണറുമ്മയാണ്." കന്നവാരോ ടുട്ടോസ്പോർട്ടിനോട് പറഞ്ഞു.

"യൂറോക്കു മുൻപ് താരം ഒരു ശരാശരി ഗോൾകീപ്പർ മാത്രമാണെന്ന അഭിപ്രായം ആരോ പ്രകടിപ്പിച്ചത് എനിക്ക് ആശ്ചര്യമായിരുന്നു. ശരാശരി പ്രകടനമല്ല താരത്തിന്റേത്, ഇരുപത്തിരണ്ടാം വയസിൽ ജിജിയോ പുലർത്തുന്ന ശാന്ത സ്വഭാവം ശ്രദ്ധിക്കുക. അടുത്ത പത്തോ പതിനഞ്ചോ വർഷത്തേക്ക് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി താരം തുടരും." കന്നവാരോ പറഞ്ഞു.

യൂറോ കപ്പിൽ ഇറ്റലിക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ യുവന്റസ് താരം കിയെസയെയും മുൻ റയൽ മാഡ്രിഡ് താരം പ്രശംസിച്ചു. ഫെഡറികോ കിയെസയുടെ പിതാവായ എൻറികോ കിയെസക്കൊപ്പം കളിച്ചിട്ടുള്ള കന്നവാരോ അച്ഛനെക്കാൾ മികച്ച കളിക്കാരൻ മകനാണെന്നാണ് അഭിപ്രായപ്പെട്ടത്.


facebooktwitterreddit