പിഎസ്ജി അരങ്ങേറ്റം കുറിക്കും മുൻപു തന്നെ റൊണാൾഡോക്ക് സ്വന്തമായിരുന്ന റെക്കോർഡ് മൂന്നു തവണ തകർത്ത് ലയണൽ മെസി


ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ റെക്കോർഡുകൾ തകർത്തെറിയുന്നതിലുള്ള മത്സരം ഫുട്ബോൾ ആരാധകർക്ക് വളരെയധികം ആവേശം നൽകിയ ഒന്നായിരുന്നു. മറ്റെല്ലാ താരങ്ങളെയും പിന്നിലാക്കി ഫുട്ബോൾ ലോകത്തു നിന്നും ഈ രണ്ടു താരങ്ങൾ വാരിക്കൂട്ടിയ കിരീടങ്ങളും റെക്കോർഡുകളും മറ്റു നേട്ടങ്ങളുമെല്ലാം ഇവരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെയധികം പേർ പിന്തുടരുന്നതിനും കാരണമായിട്ടുണ്ട്.
പ്രധാന സാമൂഹ്യമാധ്യമങ്ങളിൽ ഒന്നായ ഇൻസ്റ്റാഗ്രാമിൽ ഈ താരങ്ങളെ പിന്തുടരുന്ന ആരാധകരുടെ കണക്കെടുത്താൽ റൊണാൾഡോ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. യുവന്റസ് താരത്തെ 328 മില്യൺ ആളുകൾ പിന്തുടരുമ്പോൾ മെസിയെ പിന്തുടരുന്നത് 251 മില്യൺ ആളുകളാണ്. ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന വ്യക്തിയെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്.
എന്നാൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം കുറവാണെങ്കിലും സമീപഭാവിയിൽ റൊണാൾഡോയെ മറികടന്ന് മൂന്നു ഇൻസ്റ്റാഗ്രാം റെക്കോർഡുകളാണ് ലയണൽ മെസി സ്വന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ സ്പോർട്സ് താരത്തിന്റെ പോസ്റ്റെന്ന റൊണാൾഡോയുടെ റെക്കോർഡ് കോപ്പ അമേരിക്ക കിരീടം നേടിയ ചിത്രത്തോടെ തന്നെ തകർത്ത മെസി അതു വീണ്ടും രണ്ടു തവണ കൂടി മറികടന്നിരിക്കയാണിപ്പോൾ.
ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കിരീടം നേടിയ ലയണൽ മെസിയുടെ ചിത്രത്തിന് 21.8 മില്യൺ ലൈക്കുകൾ ലഭിച്ച് ഏറ്റവുമധികം ലൈക്ക് ഇൻസ്റ്റാഗ്രാമിൽ നേടിയ സ്പോർട്സ് ഫോട്ടോയെന്ന റെക്കോർഡ് നേടിയപ്പോൾ മറഡോണക്കൊപ്പമുള്ള റൊണാൾഡോയുടെ ഫോട്ടോയുടെ റെക്കോർഡാണ് പിന്നിലായത്. റൊണാൾഡോയുടെ ചിത്രത്തിന് 19.8 മില്യൺ ലൈക്കുകളാണ് ലഭിച്ചിരുന്നത്.
അതേസമയം ബാഴ്സലോണ വിട്ടതിനു പിന്നാലെ ലയണൽ മെസി ഇൻസ്റ്റഗ്രാമിലിട്ട ചിത്രങ്ങൾ വീണ്ടും റൊണാൾഡോയുടെ റെക്കോർഡിനെ മറികടക്കുന്നതായിരുന്നു. പിഎസ്ജിയുടെ ജേഴ്സിയുമായി നിൽക്കുന്ന ചിത്രം 21.7 മില്യൺ ലൈക്കുകൾ നേടിയപ്പോൾ ബാഴ്സയോട് വിടവാങ്ങിയ പത്രസമ്മേളനത്തിന്റെ ചിത്രത്തിന് 20.9 മില്യൺ ലൈക്കുകളും ലഭിച്ചു.
ഇതുവരെ ബാഴ്സയില്ലാതെ മറ്റൊരു ക്ലബിലും കളിച്ചിട്ടില്ലാത്ത മെസി പുതിയ റെക്കോർഡുകൾ സ്വന്തമാക്കുന്നതിനു കൂടി വേണ്ടിയാണ് പിഎസ്ജി ജേഴ്സിയിൽ ഇറങ്ങാനിരിക്കുന്നത്. താരത്തിന്റെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷയും മറ്റൊന്നല്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.