Football in Malayalam

അർജന്റീന ആരാധകർക്കു മുന്നിൽ കോപ്പ അമേരിക്ക കിരീടമുയർത്തിയപ്പോൾ കരച്ചിലടക്കാനാവാതെ മെസി, വികാരനിർഭരമായ രംഗങ്ങൾ

Sreejith N
Argentina v Bolivia - FIFA World Cup 2022 Qatar Qualifier
Argentina v Bolivia - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

ഇരുപത്തിയെട്ടു വർഷത്തെ കാത്തിരിപ്പവസാനിച്ച് അർജന്റീനക്കു വേണ്ടി ഒരു പ്രധാന കിരീടം സ്വന്തമാക്കാൻ കഴിഞ്ഞ ജൂലൈയിലെ കോപ്പ അമേരിക്ക വിജയത്തോടെ കഴിഞ്ഞെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം അതപ്പോൾ ആരാധകരുടെ മുന്നിൽ വെച്ച് ആഘോഷിക്കാൻ ലയണൽ മെസിക്കും സംഘത്തിനുമായിരുന്നില്ല. എന്നാൽ ഇന്നു പുലർച്ചെ അർജന്റീനയിലെ മൈതാനത്തു വെച്ചു ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരം കാണാനെത്തിയ ഇരുപതിനായിരത്തോളം വരുന്ന കാണികൾക്കു മുന്നിൽ തങ്ങളുടെ വിജയാഹ്ലാദം അർജന്റീന താരങ്ങൾ നടത്തുകയുണ്ടായി.

അർജന്റീന ആരാധകർക്കു മുന്നിൽ വളരെക്കാലത്തിനു ശേഷം നടന്ന മത്സരത്തിൽ ആത്മവിശ്വാസത്തോടെ കളിച്ച ലയണൽ മെസി ഹാട്രിക്ക് സ്വന്തമാക്കുകയും ചെയ്‌തു. മത്സരത്തിനു ശേഷം കിരീടമുയർത്തുന്ന ചടങ്ങിനു മുന്നോടിയായി സ്റ്റേഡിയം മുഴുവൻ തങ്ങളുടെ നായകൻറെ പേര് ആർത്തുവിളിച്ചു കൊണ്ടിരുന്നപ്പോൾ വികാരത്തള്ളിച്ച കൊണ്ട് കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു മെസി. അതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മെസിക്ക് കരച്ചിലടക്കാൻ കഴിഞ്ഞിരുന്നില്ല.

"ഇതാസ്വദിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു, ഒരുപാട് കാലങ്ങൾ ഇതിനു വേണ്ടി ഞാൻ വളരെക്കാലം കാത്തിരുന്നു, ഞാനതിനെ തേടുകയും അതിനെക്കുറിച്ച് സ്വപ്‌നം കാണുകയും ചെയ്‌തു. വളരെയധികം കാത്തിരിപ്പിനു ശേഷം ഇതിങ്ങനെ സംഭവിച്ചത് അതിവിശിഷ്ടമായ അനുഭവമാണ്."

"ഇവിടെ ആഘോഷിക്കുന്നതിനേക്കാൾ മഹത്തരമായി മറ്റൊന്നുമില്ല. എന്റെ അമ്മയും സഹോദരങ്ങളും ഇവിടെയുണ്ട്, അവർ ഒരുപാട് കഷ്ടപ്പെട്ടു. ഇന്നവർ ഇവിടെയിതാ ആഘോഷിക്കുന്നു. ഞാൻ വളരെയധികം സന്തോഷവാനാണ്." ലയണൽ മെസി മത്സരത്തിനു ശേഷം കിരീടനേട്ടത്തിന്റെ ആഘോഷങ്ങൾക്കിടയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മെസി തകർപ്പൻ ഫോമിൽ മുന്നിൽ നിന്നു നയിച്ചാണ് കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയത്. ടൂർണമെന്റിൽ നാലു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയ താരം ടോപ് സ്കോറർക്കുള്ള പുരസ്‌കാരവും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ബ്രസീലിൽ വെച്ചു നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ബ്രസീലിനെ തകർത്ത് കിരീടം സ്വന്തമാക്കുകയെന്ന അപൂർവനേട്ടവും അർജന്റീന സ്വന്തമാക്കി.

facebooktwitterreddit