മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു? അണിയറയില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

പി.എസ്.ജി വിട്ട് വീണ്ടും കാറ്റാലന്‍ ക്ലബില്‍ ചേക്കേറാന്‍ ലയണല്‍ മെസ്സി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സമ്മറിൽ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിലെത്തിയ മെസ്സിക്ക് പാരിസില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കാരണമാണ് താരം ബാഴ്സോലണയിലേക്ക് തിരിച്ചുപോകുന്നത്. കൂടാതെ മെസ്സിയുടെ ഭാര്യ അന്റോണല്ലയും മക്കളും ബാഴ്സോലണയിലേക്ക് തിരിച്ചുപോവണമെന്ന ആവശ്യത്തിലാണ്.
പാരിസിലെ ജീവിതവുമായി മെസ്സിയുടെ മക്കള്‍ പൊരുത്തപ്പെട്ടിട്ടില്ലെന്നും പാരിസില്‍ നിന്ന് പുറത്ത് പോകാന്‍ അന്റോണല്ലക്ക് താല്പര്യമുണ്ടെന്നും സ്പാനിഷ് മാധ്യമമായ എന്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാരിസില്‍ ഇതുവരെ മെസ്സി സ്ഥിര താമസത്തിനായി സൗകര്യം കാണാത്തതും താരത്തിന്റെ ബാഴ്സോലണയിലേക്കുള്ള തിരിച്ചുപോക്കിന്റെ ശക്തമായ സൂചനകളാണെന്നാണ് വിവരം.
കാറ്റലോണിയയുള്ള മെസ്സിയുടെ വീടായ കാസ്റ്റെല്ലാദെഫല്സിലേക്ക് പോകാന്‍ മെസ്സിയുടെ ഭാര്യക്ക് താല്പര്യമുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബാഴ്സലോണയിലേക്ക് തിരിച്ചുപോയി അവിടെ ഷോപ്പിങ് ചെയ്യാനും മെസ്സിയുടെ മക്കള്‍ അവരുടെ സുഹൃത്തുക്കളെ കാണുന്നതിനും ആഗ്രഹമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്പാനിഷ് മാത്രം അറിയുന്ന മെസ്സിയുടെ മക്കള്‍ക്കും അന്റോണല്ലക്കും പാരിസിലെ ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെസ്സിയുടെ ഭാര്യ അന്റോണല്ലക്ക് പുറമെ ബാഴ്സോലണയുടെ പുതിയ പരിശീലകന് സാവിയും ഏറെ കാലം ഒരുമിച്ച് കളിച്ച ഡാനി ആല്‍വേസും മെസ്സിയെ ബാഴ്സോലണയിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുണ്ടെന്നാണ് വിവരം.
എന്നാല്‍ മെസ്സിയുടെ പിതാവം താരത്തിന്റെ ഏജന്റുമായ ജോര്‍ജ് ഇക്കാര്യം നിഷേധിച്ചു. അവസാന സീസണില്‍ ബാഴ്സലോണയില്‍ തുടരുന്നതിന് വേണ്ടി മെസ്സിയുടെ പിതാവ് ബാഴ്സലോണ പ്രസിഡന്റ് യുവാന്‍ ലെപോര്ട്ടയുമായി സംസാരിച്ചിരുന്നെങ്കിലും ഒടുവില്‍ മെസ്സിക്ക് ബാഴ്സലോണ വിടേണ്ടിവരുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.