Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസിയുണ്ടാകില്ല, സിമിയോണിയും ലാൻസിനിയും ഇടം നേടിയേക്കും

Sreejith N
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-VEN-ARG
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-VEN-ARG / EDILZON GAMEZ/GettyImages
facebooktwitterreddit

ചിലി, കൊളംബിയ എന്നിവർക്കെതിരെ ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ പരിശീലകനായ ലയണൽ സ്‌കലോണി വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യത. നേരത്തെ തന്നെ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചതിനാൽ ടീമിന്റെ നായകനായ ലയണൽ മെസിക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് ടൈക് സ്പോർട്ടിനെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അതേസമയം പ്രീമിയർ ലീഗിലും ഇറ്റാലിയൻ ലീഗിലും മികച്ച പ്രകടനം നടത്തുന്ന അർജന്റീനിയൻ താരങ്ങളായ വെസ്റ്റ് ഹാമിന്റെ മാനുവൽ ലാൻസിനിയും ഹെല്ലാസ് വെറോണയിൽ ലോണിൽ കളിക്കുന്ന ജിയോവാനി സിമിയോണിയും ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. ക്രിസ്റ്റൽ പാലസിനെതിരായ കഴിഞ്ഞ മത്സരത്തിൽ ലാൻസിനി രണ്ടു ഗോളുകൾ നേടിയപ്പോൾ ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു ഗോളുകൾ നേടിയ സിമിയോണി തകർപ്പൻ ഫോമിലാണ്.

റിപ്പോർട്ടുകൾ പ്രകാരം നേരത്തെ യോഗ്യത നേടിയ അർജന്റീനക്ക് മത്സരം അപ്രധാനമാണ് എന്നതിനാൽ ആഭ്യന്തര ലീഗിൽ നിന്നുമുള്ള താരങ്ങളെ കൂടുതലായി ഉൾപ്പെടുത്തി ടീമിനെ ഇറക്കാനാണ് സ്‌കലോണി ആലോചിക്കുന്നത്. പ്രധാനമായും മധ്യനിരയിലും പ്രതിരോധത്തിലുമായിരിക്കും സ്‌കലോണി ആഭ്യന്തര ലീഗുകളിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഉൾപ്പെടുത്തുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ മത്സരങ്ങളിൽ ലയണൽ മെസിക്ക് വിശ്രമം നൽകുന്ന കാര്യം സ്‌കലോണി ഉറപ്പിച്ചിട്ടില്ലെന്നും ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. അർജന്റീനിയൻ കോച്ചിങ് സ്റ്റാഫ് ഇതുമായി ബന്ധപ്പെട്ട് മെസിയോട് സംസാരിച്ചപ്പോൾ അവസാന തീരുമാനം എടുക്കാൻ ഏതാനും ദിവസങ്ങൾ കൂടി നൽകാനാണ് താരം ആവശ്യപ്പെട്ടത്. 2022 ലോകകപ്പ് യോഗ്യതക്കുള്ള എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ കളിച്ച താരമാണ് മെസി.

ലോകകപ്പ് യോഗ്യത മത്സരങ്ങളടക്കം ഇരുപത്തിയേഴു മാച്ചുകളായി അപരാജിതരാണെന്ന നേട്ടം സ്വന്തമാക്കി മുന്നോട്ടു പോകുന്ന അർജന്റീനക്ക് അതു നിലനിർത്താൻ കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ചിലിക്കെതിരെ ജനുവരി 27നും കൊളംബിയക്കെതിരെ ഫെബ്രുവരി 1നുമാണ് അർജന്റീനയുടെ മത്സരങ്ങൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit