Football in Malayalam

2021 ബാലൺ ഡി ഓറിൽ തന്റെ വോട്ട് ആർക്കാണു നൽകുകയെന്നു വെളിപ്പെടുത്തി ലയണൽ മെസി

Sreejith N
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris / Kristy Sparow/GettyImages
facebooktwitterreddit

2021 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടിയുള്ള തന്റെ വോട്ട് ആർക്കാണു നൽകുകയെന്നു വെളിപ്പെടുത്തി ലയണൽ മെസി. പിഎസ്‌ജി സഹതാരങ്ങളായ നെയ്‌മർ, എംബാപ്പെ എന്നിവർക്കു തന്റെ വോട്ട് നൽകുമെന്നു വ്യക്തമാക്കിയ മെസി റോബർട്ട് ലെവൻഡോസ്‌കി, കരിം ബെൻസിമ എന്നിവർ വ്യക്തിപരമായി മികച്ച സീസണാണ് പൂർത്തിയാക്കിയതെന്നും അഭിപ്രായപ്പെട്ടു.

ബാലൺ ഡി ഓർ പുരസ്‌കാരത്തിന് വോട്ടു ചെയ്യുമ്പോൾ സ്വന്തം പൊളിറ്റിക്‌സ് മാറ്റി വെക്കണമെന്ന് ഈ വർഷം പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളായ ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കി കഴിഞ്ഞ ദിവസം അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലയണൽ മെസിയുടെ ഭാഗത്തു നിന്നും അതു പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് സഹതാരങ്ങളെ പിന്തുണക്കുമെന്ന താരത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

"തീർച്ചയായും ഞാൻ വോട്ടു ചെയ്യുന്ന രണ്ടു താരങ്ങൾ എന്റെ ടീമിലുണ്ട്, നെയ്‌മറും എംബാപ്പയും. ലെവൻഡോസ്‌കിയെ പോലെ വ്യക്തിപരമായി മികച്ച സീസൺ പൂർത്തിയാക്കിയ താരങ്ങളുമുണ്ട്. കരിം ബെൻസിമയും ഗംഭീരമായ പ്രകടനം നടത്തിയ വർഷമാണ് ഉണ്ടായിട്ടുള്ളത്." ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയോട് മെസി പറഞ്ഞു.

"നമ്മൾ ഒരു ടീമെന്ന നിലയിൽ നേടിയ കാര്യങ്ങൾ ബാലൺ ഡി ഓറിൽ പ്രധാനമാണ് എന്നിരിക്കെ ആരാണ് പുരസ്‌കാരം നേടുകയെന്നു പറയുക പ്രയാസമാണ്. ഒരു വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിനാണ് അവാർഡെങ്കിലും നിലവിൽ അത് കൂടുതൽ കിരീടങ്ങൾ നേടിയവർക്കാണ് ലഭിക്കുക. കിരീടനേട്ടങ്ങൾ അവാർഡിനെ വളരെ സ്വാധീനിക്കുന്നുണ്ട്." മെസി വ്യക്തമാക്കി.

പുരസ്‌കാരം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ലയണൽ മെസി ബാഴ്‌സലോണക്കൊപ്പം കോപ്പ ഡെൽ റേയും അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടവുമാണ് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് കിരീടവും യൂറോ കപ്പും സ്വന്തമാക്കിയ ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജിന്യോയാണ് പുരസ്‌കാരസാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരു താരം.

facebooktwitterreddit