ഇറ്റലിയെ കീഴടക്കി ഫൈനലിസിമ കിരീടം നേടിയതിൽ പ്രതികരണവുമായി ലയണൽ മെസി

Lionel Messi Comments On Finalissima Win
Lionel Messi Comments On Finalissima Win / Marc Atkins/GettyImages
facebooktwitterreddit

പിഎസ്‌ജിയിൽ തന്റെ പ്രതിഭ പൂർണമായും പുറത്തെടുക്കാൻ കഴിയാതിരുന്ന ഒരു സീസണു ശേഷം ദേശീയ ടീമിന്റെ ജേഴ്‌സിയിൽ ഒരു പ്രധാന മത്സരം വന്നപ്പോൾ തന്റെ വിശ്വരൂപം മെസി പുറത്തെടുക്കുന്നതാണ് ഇന്നലെ ഇറ്റലിക്കെതിരായ ഫൈനലിസിമ പോരാട്ടത്തിൽ കണ്ടത്. ഗോളുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും കളം നിറഞ്ഞു കളിച്ച മെസി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.

കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഇറ്റലിയെ കീഴടക്കിയതോടെ ഒരു വർഷത്തിനിടെ രണ്ടാമത്തെ കിരീടമാണ് നേടിയത്. കിരീടനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച മെസി ടീമംഗളുടെ ഒത്തിണക്കമുള്ള പ്രകടനത്തെ പ്രശംസിക്കുകയും ഇതേ രീതിയിൽ ഇനിയും മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

"രണ്ടാം പകുതി വളരെ മികച്ചതായിരുന്നു. ഞങ്ങൾ ചെയ്‌തിരുന്ന കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ അപ്പോഴായി, മത്സരത്തിൽ കൂടുതൽ കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. ഈ ടീം എന്തിനും തയ്യാറാണ് എന്നതിന്റെ തെളിവാണ് മത്സരത്തിൽ കണ്ടത്, ഞങ്ങൾ ആരുമായും പോരാടാൻ തയ്യാറാണ്. ഇറ്റലി ലോകകപ്പ് യോഗ്യത നേടിയില്ലെന്നത് ദൗർഭാഗ്യകരമാണ്. ലോകകപ്പ് ക്വാർട്ടർ ഫൈനലിലോ സെമിയിലോ എത്താൻ കഴിയുമായിരുന്ന മികച്ച ടീമാണവർ."

"ഞങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ കൂടുതൽ കരുത്തു ലഭിക്കുന്നു. ഈ ടീം എല്ലാ കാര്യങ്ങളും അങ്ങിനെയാണ് ചെയ്യുന്നത്, ആ രീതിയിൽ തന്നെയാണ് കളിക്കുന്നത്. ഇന്നത് മുമ്പത്തേക്കാൾ കൂടുതലായിരുന്നു. ഞങ്ങൾക്ക് ചില സമയങ്ങളിൽ തളർച്ച ഉണ്ടായിരുന്നെങ്കിലും പരസ്‌പരം സഹായിച്ചും കരുത്തു നൽകിയും നിന്നു. വിജയങ്ങൾ നേടുന്നത് നല്ലതാണ്. പരാജയം അറിയാതെ നിരവധി മത്സരങ്ങൾ ദേശീയ ടീം പൂർത്തിയാക്കുകയും ചെയ്‌തു. ഞങ്ങൾ ഈ വഴിയേ മുന്നോട്ടു പോകണം, കൂടുതൽ വളർന്ന് ലക്ഷ്യങ്ങൾ നേടണം." മെസി ഇഎസ്‌പിഎന്നിനോട് വ്യക്തമാക്കി.

ഇന്നലത്തെ മത്സരവും വിജയിച്ചതോടെ തുടർച്ചയായി മുപ്പത്തിരണ്ടു മത്സരങ്ങളാണ് അർജന്റീന പരാജയം അറിയാതെ പൂർത്തിയാക്കിയിരിക്കുന്നത്. ലയണൽ സ്‌കലോണിക്കു കീഴിൽ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്ന ടീം ഖത്തർ ലോകകപ്പിൽ ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.